പന്തളം: അപ്രതീക്ഷിതമായി വിദേശത്ത് നിന്ന് വന്നയാൾ ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി. പന്തളം തെക്കേക്കര പഞ്ചായത്ത് അഞ്ചാം വാർഡിൽ ബഹറിൻ നിന്നുവന്ന പ്രവാസിയാണ് അധികൃതരെ കുഴപ്പിച്ചത്. ചാർട്ടേർഡ് വിമാനത്തിൽ എത്തിയ പ്രവാസി,​ വിട്ടുകാരോ, പഞ്ചായത്തോ, ആരോഗ്യവകുപ്പ് അധികൃതരോ അറിയാതെ ഇന്നലെ രാവിലെ പതിനൊന്നോടെ എത്തിയതിനാൽ വേണ്ട മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ല. പത്തനംതിട്ട വരെ കെ.എസ്.ആർ.ടി.സി ബസിൽ വന്ന ശേഷം ഒരു ആംബുലൻസിൽ വീട്ടിലെത്തുകയായിരുന്നു. ഇതറിഞ്ഞ് ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. ഇയാളെ ക്വാറന്റൈനിലാക്കി..വിദേശത്ത് നിന്ന് ആളുകളെത്തിയാൽ പഞ്ചായത്ത് സെക്രട്ടറി, പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫീസർ എന്നിവർക്ക് കൊവിഡ് ജാഗ്രതയുടെ ഭാഗമായി രേഖപ്പെടുത്തേണ്ടതുണ്ട്. പന്തളം തെക്കേക്കരയിൽ നിലവിൽ ഒരു കൊവിഡ് രോഗിയുണ്ട്. 89 പേർ ക്വാറന്റൈനിൽ കഴിയുന്നു.72 പേർ വീടുകളിൽ .14 പേർ പറന്തൽ ബൈബിൾ കോളേജിലും. മൂന്ന് പേ‌ർ പഞ്ചായത്തിന് പുറത്ത് ക്വാറന്റൈനിലുമാണ്.ഇതിൽ 13 പേർ വിദേശത്ത് നിന്ന് വന്നവരാണ്.