danikutty-david
അന്തരിച്ച മുൻ ഇന്ത്യൻ വോളിബോൾ താരം ഡാനിക്കുട്ടി ഡേവിഡിൻ്റെ ഭൗതിക ശരീരത്തിൽ കേരള പൊലീസ് അന്തിമോപചാരമർപ്പിക്കുന്നു

കോന്നി : അന്തരിച്ച മുൻ ദേശീയ വോളിബോൾ താരം ഡാനിക്കുട്ടി ഡേവിഡിന് (60) നാട് വിട നൽകി. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് അങ്കണത്തിലും കൊന്നപ്പാറയിലെ ഭാര്യാ വസതിയിലും പൂങ്കാവ് വൈ.എം.സി.എ ഹാളിലും പൊതുദർശത്തിന് വച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മല്ലശേരി ബേത്‌ലഹേം മാർത്തോമ്മ പള്ളിയിൽ സംസ്‌കരിച്ചു. എം.പിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, രാജു ഏബ്രഹാം, വീണാജോർജ്ജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ തുടങ്ങി കലാ, കായിക, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പുഷ്പചക്രം അർപ്പിച്ചു.

പ്രമാടം മല്ലശേരി നെടിയവിളയിൽ പരേതനായ മാമൻ ഡേവിഡിന്റെയും അന്നമ്മയുടെയും മകനായ ഡാനിക്കുട്ടി നിരവധി ദേശീയ , അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യെ പ്രതിനിധീകരിച്ചിട്ടുണ്ട്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരിച്ചത്.

1982 ൽ ഏഷ്യൻ ഗയിംസ് വോളിബോൾ ടീമിലെ അംഗമായ അദ്ദേഹം 11 ദേശീയ മത്സരങ്ങളിലും നിരവധി സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വന്തം നാട്ടിൽ നിന്ന് വോളിബോൾ പ്രതിഭകളെ കണ്ടെത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വലുതാണ്. തിരുവനന്തപുരം ടൈ​റ്റാനിയത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഡാനിക്കുട്ടി കഴിഞ്ഞ മാസം 30 നാണ് വിരമിച്ചത്.