അടൂർ : മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായുള്ള 65 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികളെ ഇനിയൊരു നിർദ്ദേശം ഉണ്ടാകുംവരെ തൊഴിലുറപ്പ് പണികൾക്കായി നിയോഗിക്കുതെന്ന് നിർദ്ദേശം. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കൊവിഡ് 19 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മിഷൻ ഡയറക്ടർ ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ ജില്ലാ കളക്ടർമാർക്കും ജില്ലാ പ്രോഗ്രാം കോ - ഒാർഡിനേറ്റർമാർക്കും,പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകാൻ പഞ്ചായത്ത് ഡയറക്ടറോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ നിർദ്ദേശം ബ്ളോക്ക്, പഞ്ചായത്ത് അധികൃതർക്ക് ഉടൻ നൽകണം.ഇതിന് പകരമായി സ്ഥിരമായി ജോലിക്കെത്തിയിരുന്ന 65 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കണമെന്നും മറ്റ് അംഗങ്ങൾ ഇല്ലാത്ത കുടുംബങ്ങളുടെ വിവരങ്ങൾ അതാത് പഞ്ചായത്തുകളുടെ ശ്രദ്ധയിൽപ്പെടുത്തി അവർക്ക് മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനള്ള അവസരം ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ശേഖരിച്ച് കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മേയ് 3ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങളിൽ 65 വയസിന് മുകളിൽ പ്രായമുള്ളവർ, തുടർ രോഗബാധയുള്ളവർ,ഗർഭിണികൾ,10വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീടുകളിൽതന്നെ കഴിയണമെന്നാണ് നിർദ്ദേശം.മേയ് മാസത്തിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.പലയിടത്തും 65 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികൾ പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.