അടൂർ : എഴുപത്തിനാലിന്റെ നിറവിൽ വിപുലമായ പുസ്തകശേഖരവുമായി വായനക്കാരെ ഇപ്പോഴും ആകർഷിക്കുകയാണ് അടൂർ കരുവാറ്റയിലെ ഇ. വി.സ്മാരക ഗ്രന്ഥശാല. 1946 ൽ ആരംഭിച്ച ആശാൻ സ്മാരക ഗ്രന്ഥശാലയാണ് പിന്നീട് സാഹിത്യകാരനായ ഇ. വി കൃഷ്ണപിള്ളയുടെ സ്മാരകമായി മാറിയത്. തിരുവിതാംകൂർ കോൺഗ്രസ് നേതാക്കളായിരുന്ന എസ്. കെ. ജി. ധരൻ, സി. കെ. കുമാരൻ, അടൂർ എൻ. കുഞ്ഞുരാമൻ എന്നിവരാണ് വായനശാല എന്ന ആശയത്തിന് രൂപം നൽകിയത്. അടൂർ കരുവാറ്റയിലെ പൂങ്ങോട്ടുകടയിലായിരുന്നു ആശാൻ സ്മാരക ഗ്രന്ഥശാലയുടെ തുടക്കം. ചില്ലുപൊട്ടിയ അലമാരിയിലും വീഞ്ഞപ്പെട്ടിയിലുമായിരുന്നു പുസ്തകങ്ങൾ. ഹൈസ്കൂൾ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഇ. വി സ്മാരക ഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചതോടെ അവിടുത്തെ ഗ്രന്ഥശേഖരം ഏറ്റെടുത്ത് ഇ. വി സ്മാരക ഗ്രന്ഥശാല എന്ന് പേര് മാറ്റുകയായിരുന്നു. സി. കെ. കുമാരന്റെ മാതാവ് സൗജന്യമായി നൽകിയ അഞ്ചുസെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമദാനമായി കെട്ടിടവും നിർമ്മിച്ചു.
ഇപ്പോഴത്തെ ബഹുനിലനിമന്ദിരത്തിന് 1974 ലാണ് ഇ. വി യുടെ ഭാര്യ മഹേശ്വരിയമ്മ ശിലയിട്ടത്. 1984 ൽ പണി പൂർത്തീകരിച്ച് അന്നത്തെ കേരള ഗവർണർ പി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മൂവായിരത്തിൽപ്പരം അംഗങ്ങളുണ്ട് ഇപ്പോൾ. 25,091 പുസ്തകങ്ങളും. റഫറൻസ് ഗ്രന്ഥങ്ങളും ധാരാളം. പത്ത് വർഷമായി അക്കാദമിക് സെന്ററും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മികച്ച വായനശാലയ്ക്കുള്ള മാധവം പരമേശ്വർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
-------------------
ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ വായനാ സംസ്കാരം കുറഞ്ഞിരുന്നെങ്കിലും അടുത്തിടെയായി വായനയോട് വീണ്ടും ആളുകൾക്ക് താത്പര്യം ഉണ്ടായിട്ടുണ്ട്.
കെ. ജെ. സോമരാജൻ (പ്രസിഡന്റ്)
കെ. ബി. പ്രദീപ് കുമാർ (സെക്രട്ടറി)