റാന്നി: ഇടമുറിയിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതായി പരാതി.ഇടമുറി ക്ഷീര സംഘം ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന കുന്നം മാർത്തോമ്മ സ്‌കൂളിന്റെ ബസിൽ അശ്ലീല പദങ്ങളെഴുതിയതാണ് ഒടുവിലെ സംഭവം.കൂടാതെ അശ്ലീല വീഡിയോയും ചിത്രങ്ങളും ടിക്ടോക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.സ്‌കൂൾ അധികൃതർ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വീഡിയോ പരിശോധിച്ച സൈബർ പൊലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റാന്നി പൊലീസ് പരിധിയിലുള്ള സ്ഥലമാണെങ്കിലും ഇവിടെ പെട്രോളിംഗിന് പൊലീസ് എത്താറെയില്ലെന്നാണ് നാട്ടുകാരുടെ പരാതി.തൊട്ടടുത്ത സ്ഥലങ്ങൾ പെരുനാട്,വെച്ചൂച്ചിറ പൊലീസ് പരിധിയാണ്.ഇതിൽ വെച്ചൂച്ചിറ പൊലീസ് ഇടമുറിക്ഷേത്രത്തിന് നൂറ് മീറ്റർ അകലെയെത്തി തിരിച്ചുപോകാറാണുള്ളത്. വ്യാജ മദ്യ കച്ചവടവും ലഹരി വസ്തുക്കളുടെ കടത്തും ഇവിടെ വ്യാപകമാണ്. ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ,ക്ഷേത്രം,ക്ഷീര സംഘം,പോസ്റ്റോഫീസ് തുടങ്ങിയ പ്രധാനമേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.