മല്ലപ്പള്ളി : മണിമലയാറിന് കുറുകെ മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ് വായ്പ്പൂര് - പരിയാരം കരകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന നിർദ്ദിഷ്ഠ പാറക്കടവ് പാലം ടെണ്ടറായി.സംസ്ഥാന സർക്കാർ 8.23 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കി തുക അനുവദിച്ചിട്ടുള്ളത്. ജലനിരപ്പ് താഴുമ്പോൾ പ്രവൃത്തികൾ ആരംഭിക്കും.112 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11മീറ്റർ വീതിയിലുമാണ് പാലത്തിനുള്ളത്.മൂവാറ്റുപുഴ ആസ്ഥാനമായുള്ള സതേൺ ടച്ച് കമ്പനിയാണ് നിർമ്മാണ പ്രവൃത്തികൾക്ക് കരാറെടുത്തത്. കോട്ടയം-കോഴഞ്ചേരി റോഡിന് സമാന്തരമായും മല്ലപ്പള്ളിക്ക് ബൈപ്പാസായും നിർദ്ദിഷ്ഠ പാലം ഉപയോഗിക്കാം. നാട്ടുകാരുടെ ചിലകാല കാത്തിരിപ്പിനുശേഷമാണ് പാറക്കടവ് പാലമെന്ന സ്വപ്‌നം ഇരുകരമുട്ടുവാൻ തുടങ്ങുന്നത്.കുളത്തൂർമൂഴി, കാവനാൽകടവ്,പടുതോട്,കോമളം,കറുത്തവടശേരിക്കടവ്, പ്രയാറ്റുകടവ്, മനയ്ക്കച്ചിറ,വള്ളംകുളം എന്നിവിടങ്ങളിൽ പാലം വന്നുവെങ്കിലും പാറക്കടവ് പാലത്തെ അവഗണിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒറ്റവരി ക്വാർട്ടബിൾ പാലം നിർമ്മിക്കുന്നതിന് മുൻപ് പദ്ധതിയിട്ടിരുന്നെങ്കിലും അഡ്വ. മാത്യു ടി.തോമസ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്.നിർമ്മാണം പൂർത്തിയാകുമ്പോൾ കിഴക്കൻമേഖലയിലുള്ളവർക്ക് തിരുവല്ല,ചങ്ങനാശേരി എന്നിവിടങ്ങിളിൽ നിന്ന് കിഴക്കൻ മേഖലയിലേക്കും തിരിച്ചും എളുപ്പമാർഗത്തിൽ എത്താനാകും.