പത്തനംതിട്ട: ദൈവസഭ കേരള ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുളക്കുഴ സീയോൻ കുന്നിൽ 2.6 ഏക്കർ സ്ഥലവും അതിൽ നിൽക്കുന്ന 60000 സ്‌ക്വയർഫീറ്റ് കെട്ടിടങ്ങളും സ്വകാര്യ വ്യക്തിക്ക് രഹസ്യമായി പാട്ടത്തിന് നൽകിയ നിലവിലെ ഓവർസീയർ അഴിമതി നടത്തിയതായി വിശ്വാസ സംരക്ഷണ സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രസ്ഥാനത്തിന്റെ പേരിൽ വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കൾ അതാത് കാലയളവിലെ ഓവർസീയർമാരുടെ പേരിൽ എഴുതി നൽകുകയാണ് പതിവ്. ഭരണസമിതിയുടെ അനുവാദമില്ലാതെ സ്വത്തുക്കൾ ക്രയവിക്രയം നടത്താൻ സൂക്ഷിപ്പുകാരനായ ഓവർസീയർക്ക് അനുവാദമില്ല. എന്നാൽ, നിലവിലെ ഓവർസീയർ സി.സി. തോമസ് വിശ്വാസികളെ ചതിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു.

5000 രൂപയ്ക്കു മുകളിൽ ചെലവഴിക്കണമെങ്കിൽ 15 അംഗ കൗൺസിലിെന്റ അനുവാദം ആവശ്യമാണ്. കോടിക്കണക്കിന് വില വരുന്ന വസ്തുക്കൾ പാസ്റ്റർ ഷിബു കെ. മാത്യുവിന് 1000 രൂപ മാസ വാടകയ്ക്കാണ് എഴുതി നൽകിയിരിക്കുന്നത്. 2019 ഒക്ടോബർ ഒന്നിന്എഴുതിയ പാട്ടക്കരാർ 8 മാസത്തോളം രഹസ്യമായി സൂക്ഷിച്ചു. കഴിഞ്ഞ മേയിൽ വിശ്വാസികൾ വിവരവകാശ നിയമനുസരിച്ച് പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് ഇത് പുറത്തുവന്നത്. കഴിഞ്ഞ ഭരണസമിതിക്കോ ഇന്നത്തെ ഭരണസമിതിക്കോ കരാറിനെപ്പറ്റി അറിയില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു കരാർ കൂടി തയ്യാറാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക വെട്ടിപ്പാണ് നടന്നത്. 20 വർഷത്തേക്ക് വസ്തുക്കൾ പണയത്തിന് നൽകിയത് 4 വർഷത്തേക്ക് നിയമിതനായ ഓവർസീയറാണ്. അതിന് അദ്ദേഹത്തിന് അധികാരമില്ല. പാട്ടത്തിന് നൽകിയ സ്ഥലത്ത് 5 കോടിരൂപ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയവും കെട്ടിടവും നിലവിലുണ്ട്. പുതിയതായി ഒരു ഓഡിറ്റോറിയത്തിന്റെ പണിയും തുടങ്ങി. പരാതിയെ തുടർന്ന് നിർമ്മാണം പഞ്ചായത്ത് തടഞ്ഞിരിക്കുകയാണ്.

അഴിമതി നടത്തിയ പാസ്റ്റർ രാജിവയ്ക്കണമെന്ന് വിശ്വാസ സംരക്ഷണ സമിതി അംഗങ്ങളായ സ്റ്റേറ്റ്‌ബോർഡ് മൂൻ ജോയിന്റ് സെക്രട്ടറി സിബി മാമ്മൻ ജോസഫ്, ബിലിവേഴ്‌സ്‌ബോർഡ് മുൻ വൈസ് പ്രസിഡന്റ് എം. എം. ജോർജ്, കെ. ജെ. വർഗീസ്, സാംകുട്ടി, എബ്രഹാം. കെ എന്നിവർ ആവശ്യപ്പെട്ടു.