പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏനാത്ത് കളമല കരിപ്പാൽ ഏലായിൽ നെൽകൃഷി ആരംഭിച്ചു. 150 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ ഉമ നെൽവിത്ത് വിതച്ച് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനംചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ മുഴുവൻ വയലുകളിലും നെൽകൃഷി വ്യാപിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ രണ്ട് കർഷകരുടെ നേതൃത്വത്തിലാണ് ഏലായിൽ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
കിഴങ്ങുവർഗ വിളകൾ അടക്കം മറ്റു കൃഷികളും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത, വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരസ്വതി ഗോപി, ജോബോയി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, കൃഷി ഓഫീസർ പി.ആർ സിന്ധു കുമാരി, കാർഷിക വികസന സമിതി അംഗങ്ങളായ വിനോദ് തുണ്ടത്തിൽ, ഗോപിനാഥൻ പിള്ള, ഷാജിഖാൻ എന്നിവർ പങ്കെടുത്തു.