പള്ളിക്കൽ : ജനപ്രതിനിധികൾ വീണ്ടും തനി നിറം കാട്ടി. ചേന്നംപുത്തൂർ കോളനിക്കാർ വീണ്ടും കബളിപ്പിക്കപെട്ടു. എം.എൽ.എ യുടെയും ജില്ലാകളക്ടറുടെയും വാഗ്ദാനങ്ങൾ പാഴ് വാക്കായി. 2019 ആഗസ്റ്റിലെ പെരും മഴയിൽ കോളനിയിൽവെള്ളംകയറി, വെട്ടുകല്ലുകെട്ടിയ തേക്കാത്ത വീടുകൾ അവരുടെ ജീവന് തന്നെ ഭീഷണിയുയർത്തുന്നെന്ന് കേരളകൗമുദി വാർത്തയാക്കിയതിനെതുടർന്ന് റവന്യൂഅധികാരികൾ കോളനിയിലേക്കോടിയെത്തി. കോളനിക്കാരെ തോട്ടുവാ ഗവ.എൽ.പി എസിലേക്ക് മാറ്റി താമസിപ്പിച്ചു.ക്യാമ്പ് നാലാം ദിവസം പിന്നിട്ടപ്പോൾ ചിറ്റയം ഗോപകുമാർ എം.എൽ.എയും,ജില്ലാകളക്ടർ പി.ബി നൂഹും,ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദും ഉൾപ്പെട്ട സംഘം സ്കൂളിലെത്തി കോളനിക്കാരെകണ്ടു.പുനരധിവാസം പ്രധാന ചർച്ചയായി.ചർച്ചയിൽ കോളനിയിൽ നിലവിൽ താമസിക്കുന്നവരുടെ ലിസ്റ്റ് പഞ്ചായത്ത് നൽകിയാൽ സ്ഥലം വിട്ടുനൽകാൻ തയാറാണന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് പറഞ്ഞു.അങ്ങനെയെങ്കിൽ അവിടെ ഭവനസമുച്ചയം നിർമ്മിക്കാമെന്ന് എം.എൽ.എ അറിയിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സഹകരണം കളക്ടറും ഉറപ്പ് നൽകി.ഉടൻ സഹായം കിട്ടുമെന്ന ഉറപ്പിൽ പാവം കോളനിക്കാർ കൂരകളിലേക്ക് മടങ്ങി.

മാസം 9 കഴിഞ്ഞു, നടപടിയില്ല

ഒൻപത് മാസങ്ങൾ കഴിയുമ്പോൾ അടുത്ത മഴ കോളനിക്കാരെ ഭീതിയിലാഴ്തുമ്പോൾ വാഗ്ദാനങ്ങൾ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മറന്നു. പിന്നീട് ആരും കോളനിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഭൂരഹിതരും ഭവനരഹിതരുമായിട്ടുള്ള ആളുകളാണ് ഹൗസിംഗ് ബോർഡ് വകസ്ഥലത്ത് നിർമ്മിച്ച ഒറ്റമുറിവീടുകളിൽ 2004ൽ താമസത്തിനെത്തിയത്. ഈ വീടുകളെല്ലാം ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്.കുഞ്ഞുങ്ങളടക്കം 250ൽ അധികം ആളുകൾ താമസിക്കുന്നു.ആകെ നാല് കക്കൂസുകൾ,ഒരു പൊതുക്കിണർ,അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഇങ്ങനെകുറെ ജീവിതങ്ങൾ വാഗ്ദാനങ്ങളിൽ വഞ്ചിതരാക്കപ്പെട്ട് കഴിയാൻതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

2018 ആഗസ്റ്റ് 17ന് തോട്ടുവാ ഗവ.എൽ.പി സ്കൂളിൽ ചേർന്ന യോഗത്തിൽ പറഞ്ഞ അതേ അഭിപ്രായമാണ് ഹൗസിംഗ് ബോർഡിന് ഇപ്പോഴും. പഞ്ചായത്ത് കോളനിയിൽ താമസിക്കുന്നവരുടെ ലിസ്റ്റ് നൽകിയാൽ സ്ഥലം വിട്ടുനൽകും. ഇതുവരെ ലിസ്റ്റ് കിട്ടിയിട്ടില്ല.

പി.പ്രസാദ്

(ഹൗസിംഗ് ബോർഡ് ചെയർമാൻ)

---------------------------------------------------------------------------

2019 ആഗസ്റ്റ് 14ന് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത()

-വീടുകൾ ഇടിഞ്ഞു വീഴുന്നു

-കു‌ഞ്ഞുങ്ങൾ അടക്കം 250 പേർ

- അടിസ്ഥാന സൗകര്യങ്ങളില്ല