തിരുവല്ല: വസന്തും വാമികയും ഇക്കാലമത്രയും പഠിച്ചത് മെഴുകുതിരി വെളിച്ചത്തിലായിരുന്നു.എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഓരോന്നോരാന്നായി നഷ്ടമായപ്പോൾ തങ്ങളുടെ ഭാവിയും ഇരുട്ടിലാകുമോയെന്ന ആശങ്ക അവരെ അലട്ടി. എട്ടാംക്ലാസിൽ പഠിക്കുന്ന വസന്തും അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയായ വാമികയും വീട്ടിൽ വൈദ്യുതി ഇല്ലാത്തതിന്റെ ദുരിതം തിരിച്ചറിഞ്ഞു.വൈദ്യുതിക്കുവേണ്ടി അലഞ്ഞ പിതാവ് സുരേഷിന്റെ കൈയും പിടിച്ച് ഇരുവരും കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ ഓഫീസിലെത്തി. അധികൃതർക്ക് മുമ്പിൽ കുട്ടികൾ അവരുടെ പ്രശ്നം അവതരിപ്പിച്ചു.പരിഹാരശ്രമം പരാജയപ്പെട്ടതോടെ ഞങ്ങൾക്കും പഠിക്കണമെന്ന പ്ലക്കാർഡുമായി ഒരു മണിക്കൂറിലേറെ വൈദ്യുതി ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് എന്ന സംഘടനയും പിന്തുണയുമായെത്തി.പ്രതിഷേധക്കാർ കൂടിയതോടെ വിവാദം ഭയന്ന് കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉറപ്പ് ലഭിച്ചു.പുതിയ വൈദ്യുതി കണക്ഷൻ നടപടികൾ വേഗത്തിലാക്കി. വൈകിട്ടോടെ വീട്ടിൽ വൈദ്യുതി വെളിച്ചമെത്തി.കുട്ടികളുടെ മുഖത്തും പ്രകാശം തെളിഞ്ഞു. പെരിങ്ങര പഞ്ചായത്തിൽ ഏഴാംവാർഡിൽ വേങ്ങൽ ആത്തനാട്ടിൽ സുരേഷ് -ലില്ലിക്കുട്ടി ദമ്പതികളുടെ മക്കളാണ് വസന്തും വാമികിയും.പ്ലംബറായ സുരേഷും നേഴ്സായ ഭാര്യ ലില്ലിക്കുട്ടിയും മക്കളുമായി ചെന്നെയിലായിരുന്നു താമസം.ഈസമയത്ത് മാതാവ് അന്നമ്മയും സഹോദരി സുനിതയുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.സുനിത വിവാഹിതയായതോടെ വീട് അടച്ചുപൂട്ടി മാതാവും ഒപ്പംപോയി.ഇതോടെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വിശ്ചേദിക്കുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയ സുരേഷും കുടുംബവും വൈദ്യുത കണക്ഷൻ പുനസ്ഥാപിക്കാനായി പലതവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

വൈദ്യുതി കണക്ഷനുവേണ്ടി ഏറെനാളായി കെ.എസ്.ഇ.ബി ഓഫീസിൽ കയറിയിറങ്ങിയിട്ടും സാങ്കേതികതടസങ്ങൾ നിരത്തി അധികൃതർ കണക്ഷൻ പുനഃസ്ഥാപിക്കാതെ വൈകിപ്പിക്കുകയായിരുന്നു

(സുരേഷ് )