പത്തനംതിട്ട: ഡ്രൈവർക്കും കണ്ടക്ടർക്കും മാസ്ക്, കയ്യിൽ ഗ്ളൗസ്, ബസിൽ കയറുന്ന യാത്രക്കാർക്ക് സാനിട്ടൈസർ..... ലോക് ഡൗണിൽ ഇളവ് വന്ന ശേഷം കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്ര ഇങ്ങനെയായിരുന്നു. പോരാത്തതിന്, എല്ലാ സുരക്ഷാ മുൻകരുതലും പാലിച്ച് വേണം ജീവനക്കാർ ജോലി ചെയ്യാനെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവുമിറക്കി. പക്ഷേ ഇപ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും മാസ്കില്ല, ഗ്ളൗസില്ല, സാനിട്ടൈസറില്ല, മറ്റു സുരക്ഷാ സംവിധാനങ്ങളുമില്ല. രോഗഭീതിയിയുടെ അപകട വഴിയിലൂടെയാണ് ജീവനക്കാരുടെ ജോലി.

പൊതുഗതാഗതം അനുവദിക്കുന്നതിനു മുമ്പ് കെ.എസ്.ആർ.ടി.സി. എം.ഡി ഇറക്കിയ ഉത്തരവിലെ മിക്ക കാര്യങ്ങളും നടപ്പായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഒരു ദിവസം നിരവധി യാത്രക്കാരുമായി ഇടപഴകുന്നതിനാൽ രോഗസാദ്ധ്യത ഏറെയാണ്. മാസ്‌കും ഗ്ലൗസും ഡിപ്പോകളിൽ നിന്ന് ലഭിക്കുന്നില്ല. നേരത്തെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇവ നൽകിയിരുന്നു. പിന്നിലെ വാതിലിനു സമീപത്തായി സാനിട്ടെസർ വെച്ചിരുന്നെങ്കിലും പല ബസുകളിലും ഇത് അപ്രത്യക്ഷമായി.

@ പ്രത്യേക ക്യാബിൻ നടപ്പായില്ല

ഡ്രൈവർ ഇരിക്കുന്ന ഭാഗം പോളീത്തിൻ ഫൈബർ ഉപയോഗിച്ച് മറയ്ക്കണമെന്നായിരുന്നു എം.ഡിയുടെ ഉത്തരവ്. ഒരു ബസിലും ഈ നിർദ്ദേശം നടപ്പായിട്ടില്ല. സ്‌പോൺസറെ കണ്ടെത്തി ഡ്രൈവർ ക്യാബിൻ മറയ്ക്കണമെന്നായിരുന്നു അധികൃതരുടെ നിർദേശം. പ്രത്യേക ക്യാബിൻ ഇല്ലാത്തതിനാൽ യാത്രക്കാരുടെ മുഖാവരണങ്ങൾ ഡ്രൈവറുടെ ക്യാബിനലേക്ക് പലപ്പോഴും പറന്നെത്തുന്നു.

@ അണുനശീകരണം ഉത്തരവിൽ മാത്രം

ബസുകൾ ട്രിപ്പുകൾ പൂർത്തിയാക്കി വരുമ്പോൾ അണുമുക്തമാക്കണമെന്ന ഉത്തരവും നടപ്പായില്ല. നാലു മണിക്കൂർ കൂടുമ്പോൾ ബസ് സ്റ്റാൻഡും അണുമുക്തമാക്കണമെന്ന നിർദ്ദേശമുണ്ട്. സർവീസ് ആരംഭിക്കുന്ന ഒരു ദിവസം മുമ്പ് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പോകളിൽ അണുനശീകരണം നടത്തിയിരുന്നു. തുടർന്നുള്ള അണുനശീകരണം നടന്നില്ല.