aaa
ആവണിപ്പാറ കോളനിയിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്കൊപ്പം കുട്ടികൾ വിക്ടേഴ്സ് ചാനലിലെ ഒാൺലൈൻ ക്ളാസ് കാണുന്നു.

പത്തനംതിട്ട: സൗരോർജ്ജ വൈദ്യുതിയും ടി.വിയും ഡി.ടി.എച്ച് കണക്ഷനുമെത്തി. കോന്നി ആവണിപ്പാറ ഗിരിജൻ കോളനിയിലും ഫസ്റ്റ്ബെൽ മുഴങ്ങി. കുട്ടികൾ ഒാൺലൈനിലായി. 29 വിദ്യാർത്ഥികൾക്കാണ് പഠന സൗകര്യം ലഭിച്ചത്. വൈദ്യുതി ഇല്ലാത്തതിനാൽ കോളനിയിലെ കുട്ടികൾക്ക് ഒാൺലൈൻ പഠനസൗകര്യം ലഭിക്കാതിരുന്നത് കേരളകൗമുദി ജൂൺ ഏഴിന് റിപ്പോർട്ട് ചെയ്തിരുന്നു. കോളനിയിൽ അടിന്തരമായി ഒാൺലൈൻ പഠന സൗകര്യം ഏർപ്പെടുത്താൻ കെ.യു ജനീഷ് കുമാർ എം.എൽ.എയാണ് നടപടിയെടുത്തത്.

അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡായ വനത്താൽ ചുറ്റപ്പെട്ട കോളനിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ സോളാർ സംവിധാനം സ്ഥാപിച്ചു. എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം അരുവാപ്പുലം ഫാർമേഴ്സ് സഹകരണബാങ്കാണ് സോളാർ വൈദ്യുതി സ്ഥാപിച്ചത്. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ, കോളനിയിലെ വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങി നൽകി. ഗ്രാമപഞ്ചായത്തംഗം സിന്ധു ഡി.ടി.എച്ച് കണക്ഷനും എത്തിച്ചു. അങ്കണവാടിയിലാണ് ടെലിവിഷൻ സ്ഥാപിച്ചത്. കുട്ടികൾ ഇവിടെയിരുന്ന് ക്ളാസിൽ പങ്കെടുക്കും.

കോളനിയിലേക്ക് പാലമില്ലാത്തതിനാൽ വളളത്തിൽ അച്ചൻകോവിലാർ കുറുകെ കടന്നാണ് എം.എൽ.എയും സംഘവും ടി.വിയും സോളാർ പാനലും ഡി.ടി.എച്ച് സംവിധാനങ്ങളും എത്തിച്ചത്. കുട്ടികൾ എം.എൽ.എയ്ക്ക് ഒപ്പമിരുന്ന് വിക്ടേഴ്സ് ചാനലിലെ ക്ളാസുകൾ കണ്ടു.

അരുവാപ്പുലം ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ, കെ.എസ്.ടിഎ ജില്ലാ പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി രാജൻ.ഡി.ബോസ്, ഗ്രാമ പഞ്ചായത്തംഗം സിന്ധു, ചെമ്പനരുവി സെന്റ് പോൾസ് എം.എസ്‌.സി എൽ.പി.എസ് ഹെഡ്മാസ്റ്റർ ജോസഫ് റോയ്, രഘുനാഥ് ഇടത്തിട്ട, വിജയ വിൽസൺ, നസീർ, അംഗൻവാടി ടീച്ചർ ഷീബ, കോഓർഡിനേറ്റർ സുരഭി തുടങ്ങിയവരും പങ്കെടുത്തു.

------------

ഇപ്പോൾ സോളാർ സിസ്റ്റം

വൈദ്യുതിക്ക്

1.67

കോടിയുടെ ടെൻഡറായി