പന്തളം : ശ്രീനാരായണ ഗുരുദേവൻ മനുഷ്യരാശിക്കായി അരുളിച്ചെയ്ത പഞ്ചശുദ്ധി, കൊവിഡ് അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പന്തളം യൂണിയൻ പ്രസിദ്ധീകരിക്കുന്ന ശുദ്ധിപഞ്ചകം പുസ്തകത്തിന്റെ പ്രകാശനം യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജിന് കൈമാറി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, അനിൽ ഐ സെറ്റ്, സുരേഷ് മുടിയൂർക്കോണം തുടങ്ങിയവർ പങ്കെടുത്തു .യൂണിയൻ അതിർത്തിയിലെ മുഴുവൻ ഭവനങ്ങളിലും ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യും. കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തും. തിങ്കളാഴ്ച രാവിലെ പത്തിന് യൂണിയൻ ഹാളിൽ ശാഖകൾക്കുള്ള പുസ്തകങ്ങളുടെയും മാസ്‌കിന്റെയും, സാനിറ്റൈസറിന്റെയും വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് അഡ്വ: സിനിൽ മുണ്ടപ്പള്ളിയും, കൊവിഡ് പ്രതിരോധ ബോധവത്കരണ സാമഗ്രികളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് ടി.കെ.വാസവനും നിർവഹിക്കും.