പത്തനംതിട്ട : തലസ്ഥാനത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓട്ടോ - ടാക്സി തൊഴിലാളികൾ ആശങ്കയിലാണ്. ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുകയാണിപ്പോൾ. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവർക്ക് കൊവിഡ് എന്ന വാർത്തയും. അതും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. മുപ്പത് രൂപയ്ക്ക് പോലും ഓട്ടം ലഭിക്കാത്തവരുണ്ട് ജില്ലയിൽ. നഗരസഭാ പരിധിയിൽ മാത്രം രണ്ടായിരത്തോളം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നു. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് അധികവും. കൊവിഡിനെ പേടിച്ച് വീട്ടിലിരുന്നാൽ പട്ടിണിയാകുന്ന സാധാരണക്കാർ. സർക്കാർ പ്രഖ്യാപിച്ച തുക പോലും ഇവരിൽ പലർക്കും ലഭിച്ചിട്ടില്ല.
" പനിയൊക്കെ വന്നാൽ പാരസെറ്റമോൾ കഴിച്ചിട്ട് ജോലിയ്ക്ക് പോകുന്നവരാണ് ഞങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീതി തോന്നുന്നുണ്ട്. കഴിഞ്ഞ ദിവസം കളക്ടർ സ്റ്റാൻഡിലെത്തി സൂക്ഷിക്കണമെന്നും പോളിത്തീൻ ഫൈബർ ഉപയോഗിച്ച് ഡ്രൈവർ ഇരിക്കുന്നയിടം മറയ്ക്കാനും പറഞ്ഞിരുന്നു. ഇപ്പോൾ അങ്ങനെയാണ് ഞങ്ങൾ ചെയ്യുന്നത്. സാനിറ്റൈസറൊക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഓട്ടം വിളിച്ചാൽ പോയല്ലേ പറ്റൂ.
കെ.സി.സൈമൺ
( ഓട്ടോറിക്ഷാ ഡ്രൈവർ)
"ആദ്യഘട്ട ആന്റീ ബോഡി ടെസ്റ്റ് പൂർത്തിയായി. അടുത്ത ഘട്ടം ഉടനെ ആരംഭിക്കും. ഓട്ടോറിക്ഷക്കാരെയടക്കം ഇതിൽ പങ്കെടുപ്പിക്കും. അഞ്ഞൂറ് ടെസ്റ്റ് ഇതുവരെ ചെയ്തു. ഇതുവരെ സാമൂഹ്യ വ്യാപനത്തിന്റെ സാഹചര്യം വന്നിട്ടില്ല. ടെസ്റ്റുകൾ തുടരും. "
ഡോ. എ.എൽ ഷീജ
(പത്തനംതിട്ട ഡി.എം.ഒ)