yoga

തിരുവല്ല: ഒരുമിനിറ്റ് നിൽക്കാനോ ഇരിക്കാനോ വയ്യാത്തത്ര നടുവേദന. നാല് വർഷത്തോളം പല ആശുപത്രികളിൽ മാറിമാറി ചികിത്സ ചെയ്തു. ഒട്ടേറെ മരുന്നുകൾ കഴിച്ചു. അതിലേറെ പണവും ചെലവഴിച്ചു. എന്നിട്ടും ഒരു ശമനവുമില്ല. കൂടുതൽനേരവും ബെഡ് റസ്റ്റ് തന്നെ. തിരുവല്ല കുറ്റൂർ അംബികാ ഭവനിൽ മഞ്ജു രാജേഷിന്റെ കാര്യങ്ങളെല്ലാം നടുവേദന കാരണം താളംതെറ്റി. ഒടുവിൽ വേദന മാറ്റാൻ സർജറി ചെയ്യണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അങ്ങനെയിരിക്കെയാണ് സുഹൃത്തിന്റെ ഭാര്യ യോഗാ പരീക്ഷിച്ചു നോക്കികൂടെയെന്ന് ചോദിച്ചത്. അസഹ്യമായ നടുവേദന മാറ്റാൻ യോഗ പരീക്ഷിക്കാൻ മഞ്ജുവും കുടുംബവും തീരുമാനിച്ചു. ഒന്നരവർഷം മുമ്പ് മതിൽഭാഗം പുരുഷോത്തമാനന്ദ ആശ്രമത്തിലെ പൈതൃക് സ്‌കൂൾ ഒഫ് യോഗയിൽ ചേർന്നു. തുടക്കത്തിൽ യോഗ പരിശീലനം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ എളുപ്പമായി. പ്രാണായാമവും യോഗാസനങ്ങളും അയ്യങ്കാർ തെറാപ്പിയും രണ്ടുമാസം ചെയ്തതോടെ ശാരീരികവേദനയും മറ്റ് അസ്വസ്ഥകളുമെല്ലാം പമ്പകടന്നു. കുടുംബത്തിന്റെ കാര്യങ്ങളിലും ശ്രദ്ധിക്കാനായി. യോഗ തെറാപ്പിയിൽ താല്പര്യമേറിയതോടെ കൂടുതൽ കാര്യങ്ങൾ മഞ്ജു പഠിച്ചു. ഇപ്പോൾ ഒരുവർഷമായി പൈതൃക് സ്‌കൂളിൽ ട്രെയിനറാണ്. നടുവേദന,കഴുത്ത് വേദന, അസ്മ, അമിതവണ്ണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന നൂറോളം പേർക്ക് പരിശീലനം നൽകിവരുന്നു. ഒപ്പം എം.എസ്.സി യോഗയും ഈ 38കാരി പഠിക്കുന്നു. ദുരിതജീവിതത്തിൽ നിന്ന് പുനർജ്ജന്മം ലഭിച്ചതിനൊപ്പം യോഗയിലൂടെ വരുമാനവും ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മഞ്ജു. ഭർത്താവ് രാജേഷ് എം.ആർ. ന്യുഡൽഹിയിൽ ആർമി ഉദ്യോഗസ്ഥനാണ്. തിരുവല്ല ബാലികാമഠം സ്‌കൂളിൽ പ്ലസ്ടു പഠിക്കുന്ന മൂത്തമകൾ ഗംഗാലക്ഷ്‍മിയും ഇളയമകൾ മുളക്കുഴ സെന്റ് ജോർജ്ജ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ഗൗരിലക്ഷ്മിയും അമ്മയ്‌ക്കൊപ്പം യോഗ ദിനചര്യയാക്കി.