photo
വകയാർ വൈദ്യുതി സെക്ഷൻ ഓഫീസ്

കോന്നി: വകയാർ വൈദ്യുതി ഓഫീസ് എതുസമയോം നിലം പൊത്താം.സ്ഥിതി അതീവ ഗുരുതരമാണ്.കോന്നി മേജർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള വകയാർ വൈദ്യുതി സെക്ഷൻഓഫീസിനാണ് ഈ ദുർഗതി.പഴയ ഓടിട്ട കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.മലയോര മേഖലയായ കോന്നിയുടെ വിവിധ പ്രദേശങ്ങളിലെ സുഗമമായ വൈദ്യുതി വിതരണത്തിനും,കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കുമായാണ് കോന്നി മേജർ സെക്ഷൻ വിഭജിച്ച് വകയാർ സെക്ഷൻ രൂപീകരിച്ചത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് മുൻകൈ എടുത്താണ് ആറ് വർഷം മുമ്പ് വകയാർ സെക്ഷൻ ഓഫീസ് യാഥാർത്ഥ്യമാക്കിയത്.

ആറ് വർഷമായിട്ടും നല്ല കെട്ടിടം കണ്ടെത്തിയില്ല


ഓഫീസ് പ്രവർത്തനത്തിന് വകയാർ കേന്ദ്രീകരിച്ച് നല്ല കെട്ടിടങ്ങൾ ഒന്നും തന്നെ അന്ന് ലഭിക്കാതിരുന്നതിനെ തുടർന്നാണ് കൊല്ലൻപടി ജംഗ്ഷനിലെ പഴയ പാരലൽ കോളേജ് പ്രവർത്തിച്ചിരുന്ന ഓടിട്ട പഴയ കെട്ടിടം ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയത്.ഉദ്ഘാടനത്തിനു ശേഷം നല്ല കെട്ടിടം കണ്ടെത്തി മാറാനായിരുന്നു ധാരണ.എന്നാൽ ആറ് വർഷമായിട്ടും യാഥാർത്ഥ്യമാക്കിയിട്ടില്ല.

മഴയും വെയിലുമേറ്റ് ജീവനക്കാർ

ഓടുകൾ മിക്കതും പൊട്ടിയതു മൂലം മഴയും വെയിലുമേറ്റാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.മഴവെള്ളം വീഴുന്നതുമൂലം ഇതിനുള്ളിൽ ഇരിക്കാൻ പോലും കഴിയുന്നില്ല.മതിയായ ഫർണീച്ചറുകളില്ല.ഫയലുകൾ വാരിവലിച്ചിട്ടിരിക്കുന്നു.കമ്പ്യൂട്ടറിലും നിലവിലുള്ള ഫർണിച്ചറുകളിലും,ഫയലുകളിലും മഴവെള്ളം വീണ് നശിക്കുന്നു.പരാതി പറഞ്ഞപ്പോൾ കെട്ടിട ഉടമ ഓടിനു മുകളിൽ പ്ലാസ്​റ്റിക് ടാർപ്പ വിരിച്ചിട്ടു.

കരാറടിസ്ഥാനത്തിലുള്ള വാഹനം, 1,500 കി.മീറ്റർ മാത്രം

വിശാലമായ പ്രമാടം,കോന്നി,അരുവാപ്പുലം,കലഞ്ഞൂർ എന്നീ പഞ്ചായത്തുകൾ ഈ ഓഫീസിന്റെ പരിധിയിയിലാണ്.കരാർ അടിസ്ഥാനത്തിലുള്ള ഒരു ജീപ്പ് മാത്രമാണ് ഏക യാത്രാ മാർഗം.ജീപ്പിന് ഒരു മാസം1,500 കിലോമീ​റ്റർ മാത്രമേ ഓടാവു എന്ന വ്യവസ്ഥയുമുണ്ട്.എന്നാൽ കൊക്കാത്തോട്,കാട്ടാത്തി,അപ്പൂപ്പൻ തോട്,കോട്ടാംപാറ എന്നീ വനമേഖലകളിൽ ഉൾപ്പെടെ തകരാറുകൾ പരിഹരിക്കാൻ പോകേണ്ടതു കാരണം ഒരു മാസത്തിന്റെ പകുതിയാകുമ്പോഴേക്കും 1,500കിലോമീ​റ്റർ ഓടി കഴിഞ്ഞിരിക്കും.ഇതിനു ശേഷം തകരാറുകൾ പരിഹരിക്കണമെങ്കിൽ ജീവനക്കാർ സ്വന്തം വാഹനങ്ങളിൽ പോകണം.

---------------------------------------------------------------------------

വനിതകൾ ഉൾപ്പെടെ മൊത്തം 36 ജീവനക്കാർ

ഒരു അസി.എൻജിനിയർ

മൂന്ന് സബ് എൻജിനിയർമാർ

ആറ് ഓവർസീയർമാർ

ആറ് വർക്കർമാർ

സൂപ്രണ്ട്,സൂപ്രണ്ട് അസിസ്റ്റന്റ്

13ലൈൻ മാന്മാർ

ഒരു കാഷ്യർ

മൂന്ന് മീ​റ്റർ റീഡിംഗ് ജീവനക്കാർ

-----------------------------------------------------------------------