സ്ഥലം ലഭിച്ചത് സൗജന്യമായി
തിരുവല്ല: കെട്ടിടം നിർമ്മിക്കാൻ സ്ഥലം സൗജന്യമായി കിട്ടിയതോടെ നിരണം പഞ്ചായത്തിൽ മൂന്ന് മാതൃക അങ്കണവാടികൾ നിർമ്മിക്കാൻ ഭരണാനുമതിയായി. മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് നിരണം പഞ്ചായത്തിലെ 2,3,13 എന്നീ വാർഡുകളിലെ അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നത്. 2-ാം വാർഡിലെ വരപ്പടത്ത് വി.ഐ. ഉമ്മൻ 5 സെന്റ് സ്ഥലവും 3-ാം വാർഡിൽ വടക്കേപുറത്ത് കൊച്ചുപുരയക്കൽ ജിജി പോൾ 5 സെന്റ് സ്ഥലവും 13-ാം വാർഡിൽ കളപ്പുരയിൽ തോമസ് വറുഗീസ് 7 സെന്റ് സ്ഥലവും പഞ്ചായത്തിന് സൗജന്യമായി നൽകിയിരുന്നു. ഒരു ക്ലാസ്സ് മുറിയും അടുക്കളയും സിറ്റ് ഔട്ടും ശൗചാലയവും അടങ്ങുന്ന മാതൃകയിലാണ് കെട്ടിട നിർമ്മാണം. നിലമായിരുന്നതിനാൽ കെട്ടിടം നിർമ്മിക്കാൻ പ്രത്യേക അനുമതിയും വേണ്ടിവന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ തൂണുകളിൽ ഉയർത്തി കെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിരണം പഞ്ചായത്തിലെ 18 അങ്കണവാടികളിൽ ഏഴെണ്ണത്തിന് മാത്രമായിരുന്നു സ്വന്തം കെട്ടിടം ഉണ്ടായിരുന്നത്. ബാക്കിയുള്ളതിൽ നാല് അങ്കണവാടികൾ പഞ്ചായത്തിന്റെ പദ്ധതി തുക ചെലവഴിച്ചു നിർമ്മിച്ചു. കൂടാതെ മൂന്നെണ്ണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നു.
എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം സാദ്ധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ലതാ പ്രസാദ്,
പഞ്ചായത്ത് പ്രസിഡന്റ്