അടൂർ : മുതിർന്ന തലമുറകളിലൂടെയാണ് അഭിരുചികൾ പുതുതലമുറകളിലേക്ക് കൈമാറുന്നതെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗവും സി. പി. ഐ ജില്ലാ സെക്രട്ടറിയുമായ എ. പി. ജയൻ അഭിപ്രായപ്പെട്ടു. വായനദിനത്തിന്റെ ഭാഗമായി മിത്രപുരം കസ്തൂർബാ ഗാന്ധി ഭവനിൽ സംഘടിപ്പിച്ച വായനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രങ്ങളുടെ വായനകൾ പോലും ഇത്തരത്തിലാണ് തലമുറകളിലേക്ക് സ്വാധീനിക്കുന്നത്. പരന്ന വായനയുടെ കാലം ഇടയ്ക്കുവച്ച് അസ്തമിച്ചെങ്കിലും സമീപകാലത്ത് നേരിയ മാറ്റം വന്നത് ആശ്വാസകരമാണെന്നും എ. പി. ജയൻ പറഞ്ഞു. കസ്തൂർബ ഗാന്ധിഭവൻ ഡവലപ്പ്മെന്റ് കമ്മറ്റി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. കവിയും മാദ്ധ്യമപ്രവർത്തകനുമായ സനിൽ അടൂരിനെ ആദരിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. സന്തോഷ്, നഗരസഭാ കൗൺസിലർ ഉമ്മൻതോമസ്, അടൂർ പ്രസ് ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ് കുമാർ, അനിൽ തടാലിൽ, എം. ആർ. ജയപ്രസാദ്, നഗരസഭാ കൗൺസിലർ ഗീതാ തങ്കപ്പൻ, ഗാന്ധിഭവൻ ഡവലപ്പ്മെന്റ് കമ്മറ്റി അംഗം മീരാ സാഹിബ് എന്നിവർ പ്രസംഗിച്ചു.മാനേജർ വി. ജയകുമാർ സ്വാഗതവും, ഡവലപ്പ്മെന്റ് കമ്മറ്റി സെക്രട്ടറി മുരളി കുടശ്ശനാട് നന്ദിയും പറഞ്ഞു.