21-chengannnur-tv
പാണ്ടനാട് വൻമഴി മാവേലിത്തറയിൽ രാജീവ് പുഷ്പകുമാരി ദമ്പതികളുടെ മക്കൾക്ക് ഓൺലൈൻ ക്ലാസ്സിൽ പഠിക്കാനായി ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കെ. ഡി രാജ് കുമാർ, എൻ.പി.സനൽകുമാർ, ഷിജു.പി. ജോയി എന്നീ സുഹൃത്തുക്കൾ ചേർന്ന് ടി.വി വാങ്ങി നൽകിയപ്പോൾ '

ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് ആറാം വാർഡിൽ വൻമഴി മാവേലിത്തറയിൽ രാജീവ് പുഷ്പകുമാരി ദമ്പതികളുടെ മക്കളായ ദീപാലി രാജിനും,മിഥാലി രാജിനും ഓൺലൈൻ പഠന സൗകര്യമൊരുക്കി ആൻഡ്രോയ്ഡ് ടി.വി സൗജന്യമായി നൽകി. ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കെ.ഡി രാജ് കുമാർ,എൻ.പി.സനൽകുമാർ, ഷിജു.പി. ജോയി എന്നീ സുഹൃത്തുക്കൾ ചേർന്നാണ് ടി.വി വാങ്ങി നൽകിയത്.സ്വന്തമായി കയറിക്കിടക്കാൻ കൂരയില്ലാതെ കഴിഞ്ഞ 16 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം. രാജീവ് കർണാടകയിൽ സ്വകാര്യ കമ്പനിയിൽ ജോലിയായിരുന്നു. ലോക് ഡൗണായതു കാരണം ഇപ്പോൾ ജോലിയില്ലാത്ത അവസ്ഥയിലാണ്.പുഷ്പകുമാരി വീടുകളിൽ ജോലി ചെയ്താതാണ് കുടുംബം പുലർത്തിയിരുന്നത്. പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദീപാലി രാജ് പത്താം ക്ലാസിലും, മിഥാലി രാജ് ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇതിൽ മൂത്ത കുട്ടി ദീപാലി രാജിന് ഒരു കൈയ്ക്കും ഒരുകാലിനും സ്വാധീന കുറവ് ഉണ്ട്. ഓൺ ലൈൻ വിദ്യാഭ്യാസം സജീവമാക്കിയതോടെ പഠിത്തത്തിൽ നല്ല മികവ് കാട്ടിയ കുട്ടികൾ ഇതിനുള്ള മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ടി വി എന്നി സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാതെ വിഷമിച്ചിരുന്ന ഘട്ടത്തിലാണ് തങ്ങളുടെ വൻമഴിയിലുള്ള സുഹൃത്ത് വഴി ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞതെന്ന് സ്ഥാപന ഉടമകളിലൊരാളായ സനൽകുമാർ പറഞ്ഞു. ഉടൻ തന്നെ വൻമഴിയിലെ വീട്ടിൽ എത്തി അവസ്ഥകൾ നേരിട്ട് മനസിലാക്കി.അന്ന് തന്നെ മൂവരും കൂടി ആലോചിച്ച് അതിനുള്ള തുക സംഘടിപ്പിച്ച് ടി.വി വാങ്ങി നൽകുകയായിരുന്നു.