vote

പത്തനംതിട്ട : ജില്ലയിൽ ആകെ വോട്ടർമാർ 10,06,249 പേർ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരമാണിത്. ഇതിൽ പുതുതായി പേരു ചേർത്ത 28,100 പേർ ഉൾപ്പെടുന്നു. 18,304 പേരെ ഒഴിവാക്കി. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഇനി രണ്ടു തവണ കൂടി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം ലഭിക്കും.
ഗ്രാമപഞ്ചായത്തുകളിൽ ആകെ 8,72,686 വോട്ടർമാരാണുള്ളത്. ഗ്രാമപഞ്ചായത്തിൽ പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്ത 24,026 പേരുണ്ട്. 14,903 പേരെ ഒഴിവാക്കി. നഗരസഭകളിൽ ആകെ 1,33,563 വോട്ടർമാരുണ്ട്. നഗരസഭകളിൽ പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്തത് 4074 പേരാണ്. 3401 പേരെ ഒഴിവാക്കി. ജില്ലയിൽ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 9,96,453 ഉം 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 10,25,172 ഉം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 10,21,144 ഉം ആകെ വോട്ടർമാരാണ് ഉണ്ടായിരുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഏഴംകുളത്താണ്, 28138 പേർ. ഏറ്റവും കുറവ് വോട്ടർമാരുള്ളത് തുമ്പമൺ ഗ്രാമപഞ്ചായത്തിലാണ്, 6102 പേർ. നഗരസഭകളിൽ കൂടുതൽ വോട്ടർമാരുള്ളത് തിരുവല്ലയിലാണ്, 44436 പേർ. കുറവ് വോട്ടർമാരുള്ള നഗരസഭ അടൂരാണ്, 25899 പേർ. ഇവിടെ ഭിന്നലിംഗത്തിൽപ്പെടുന്ന ഒരു വോട്ടറുണ്ട്.

ആകെ 53 പഞ്ചായത്തുകൾ

അടൂർ, പത്തനംതിട്ട, തിരുവല്ല, പന്തളം എന്നിങ്ങനെ നാല് മുനിസിപ്പാലിറ്റികൾ

ഗ്രാമപഞ്ചായത്ത് : വോട്ടർമാർ : 8,72,686 , പുതിയവർ: 24026

നഗരസഭ : വോട്ടർമാർ 1,33,563 , പുതിയവർ : 4074