പത്തനംതിട്ട : ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ അനുസ്മരണാർഥം 25-ാമത് വായനദിന മാസാചരണത്തിന്റെ ആരംഭമായുള്ള ഡിജിറ്റൽ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വായനദിന മാസാചരണം 19 മുതൽ ഒരുമാസകാലയളവിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ നടക്കുകയാണ്. സംസ്ഥാന സർക്കാർ,നീതി ആയോഗ്,പി.എൻ.പണിക്കർ ഫൗണ്ടേഷൻ,ജില്ലാ ലൈബ്രറി കൗൺസിൽ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്,സാക്ഷരതാ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, കാൻഫെഡ്, വിക്ടേഴ്‌സ് ചാനൽ,വിവിധ വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. www.pnpanickerfoundation.org എന്ന വെബ്‌സൈറ്റിലൂടെ കുട്ടികളും മുതിർന്നവരും അണിനിരന്ന് വീട്ടിൽ ഇരുന്നുതന്നെ വായനദിന പ്രതിജ്ഞ ചൊല്ലുകയും,ക്വിസ്,പ്രസംഗം, ഉപന്യാസം,കഥപറച്ചിൽ, ചിത്രരചന,പദ്യപാരായണം തുടങ്ങിയ മൽസരങ്ങളിൽ പങ്കാളികളുമാകാം.വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ വെബ് സൈറ്റിന്റെ ലിങ്ക് വിദ്യാർഥികൾക്ക് സ്‌കൂൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും നൽകും.രാജ്യത്തെ പ്രഗത്ഭ വ്യക്തികൾ പങ്കെടുക്കുന്ന വെബിനാറുകളും നടക്കും.