പത്തനംതിട്ട : ഓൺലൈൻ പഠനസാമഗ്രികൾ ലഭ്യമല്ലാത്ത നിർദ്ധനരായ കുട്ടികൾക്ക് സഹായങ്ങളെത്തിച്ച് ജില്ലാപൊലീസ്. നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനം തുടർന്നുവരുന്നതായി ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിൽ സഹായങ്ങൾ എത്തിച്ചുവരുന്നു. ജനമൈത്രി പൊലീസ് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കൊടുമൺ കുരുവിലക്കോട് ഭാഗത്തെ അങ്കണവാടി കുട്ടികൾക്ക് ജനമൈത്രി പൊലീസ് ടെലിവിഷൻ എത്തിച്ചു. ഇലവുംതിട്ട ജനമൈത്രി പൊലീസും ഇലവുംതിട്ട കേരള ഗ്രാമീണ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥരും ചേർന്ന് ഒരുകുട്ടിക്ക് ടിവി നൽകി.
വായനാദിനത്തിന്റെ ഭാഗമായി കൊടുമൺ എസ്.സി.വി.എൽ.പി.എസുമായി ചേർന്ന് കൊടുമൺ പൊലീസ് പുസ്തകങ്ങൾ വീടുകളിലെത്തിച്ചു. 'വായിച്ചുവളരാം' എന്നുപേരിട്ട കാമ്പയിന്റെ ഭാഗമായാണിത്. സജു വടക്കേക്കര, ജനമൈത്രി ബീറ്റ് ഓഫീസർ നൗഷാദ്, പൊലീസ് ട്രെയിനി അനന്ദു വിഷ്ണു എന്നിവർ നേതൃത്വം നൽകി.

--------------

കൊവിഡിനെതിരെ ജാഗ്രത


കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ശുചിത്വമാനദണ്ഡങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയും. ലംഘനങ്ങൾക്ക് ഇന്നലെ ജില്ലയിൽ 34 കേസുകളിലായി 47 പേരെ അറസ്റ്റുചെയ്തു. , 15 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 77 ആളുകൾക്ക് നോട്ടീസ് നൽകി