പത്തനംതിട്ട : കലഞ്ഞൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ വന്യജീവി ആക്രമണം തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മുരുപ്പേൽ വെള്ളം തെറ്റി, സ്വാമിപ്പാലം കമ്പകത്തും പച്ച, പൂമരുതിക്കുഴി സ്വാമി പ്പാലം, ഇരുതോട് തട്ടാക്കുടി പൂമരുതിക്കുഴി, കണിയാൻചാൽ ഇരു തോട് തുടങ്ങിയ ഭാഗങ്ങളിൽ സൗരോർജ വേലി സ്ഥാപിക്കും. 24 ലക്ഷം രൂപ ചെലവിൽ 13.5 കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ വേലി സ്ഥാപിക്കുന്നത്. ഇതിന്റെ ടെൻഡർ ഉടൻ നടത്തും. പരിപാലനത്തിനായി വന സംരക്ഷണ സമിതി അംഗങ്ങളെ നിയമിക്കാനും യോഗം തീരുമാനിച്ചു.
വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നു വരുന്ന പ്രധാന ഭാഗങ്ങളിൽ കിടങ്ങ് നിർമിക്കാനും യോഗം തീരുമാനിച്ചു. 2.5 മീറ്റർ വീതിയിലാണ് കിടങ്ങ് നിർമിക്കുന്നത്. കിടങ്ങ് നിർമാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ യോഗത്തെ അറിയിച്ചു. മൃഗങ്ങളെ അകറ്റി നിർത്താൻ കഴിയുന്ന ശബ്ദതരംഗങ്ങൾ സൃഷ്ടിക്കുന്ന ആധുനിക ഉപകരണങ്ങൾ പാടം മേഖലയിൽ ഉപയോഗിക്കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു. പമ്പ് ആക്ഷൻ ഗണ്ണും ആനയെ തുരത്താൻ ഉപയോഗിക്കും. പന്നിയെ വെടിവച്ചു കൊല്ലുന്നതിന് കർഷകരെ അനുവദിക്കുന്ന പുതിയ ഉത്തരവ് നടപ്പാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതി യോഗം വീണ്ടും ചേരുമെന്നും ഡി.എഫ്.ഒ പറഞ്ഞു.