തണ്ണിത്തോട്: മഴ പെയ്തതോടെ മനോഹരിയായി മണ്ണീറ വെള്ളച്ചാട്ടം. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം. കൊവിഡിനെ തുടർന്ന് സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടങ്കിലും മഴ തുടങ്ങിയതോടെ കൂടുതൽ മനോഹരമായി മാറിയിരിക്കുകയാണ് ഇവിടം. വനത്തിലെ പാറക്കെട്ടുകളിൽ തട്ടി കൈവഴികൾ തീർത്ത് ഉയരങ്ങളിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നതാണ്. നാല് ചെറിയ വെള്ളച്ചാട്ടങ്ങളും ഒരു വലിയ വെള്ളച്ചാട്ടവും ചേർന്ന മനോഹര കാഴ്ചയാണിത്. അടുത്തുവരെ വാഹനങ്ങളിലെത്താം. ജില്ലയിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടം കൂടിയാണിത്.കുളിക്കാനെത്തുന്നവർക്ക് സോപ്പും തോർത്തും വിൽക്കുന്ന കട മാത്രമാണ് സമീപത്തുള്ളത്. 2014ൽ അടവിയിൽ കുട്ടവഞ്ചി സവാരി തുടങ്ങിയതോടെയാണ് ഇവിടേക്ക് കൂടുതലായി സഞ്ചാരികളെത്തി തുടങ്ങിയത്..ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
-------------------
ഇതുവഴി പോകാം
കോന്നി തണ്ണിത്തോട് റൂട്ടിൽ മുണ്ടോമൂഴി വഴി മണ്ണിറയിലെത്താം. കോന്നിയിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്