പന്തളം: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, പരിഭ്രാന്തരായി വീടിന്റെ രണ്ടാം നിലയിൽ നിന്നു ചാടിയ രണ്ടു പേർക്കു പരിക്കേറ്റു. ചാലക്കുടി ആർക്കത്താനത്തു വില്ലയിൽ പ്രവീൺ ജോസഫ് (45), കാച്ചപ്പിള്ളി കെ.എൽ. ജോസഫ് (35) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 6.15നാണു സംഭവം. കെ എസ് ടി പി യുടെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സബ് കരാറുകാരനും തൊഴിലാളികളും അടങ്ങുന്ന 5 പേരാണ് എം.എം. ജംഗ്ഷനു സമീപം കുരമ്പാല ശ്രീകുമാറിന്റെ ശ്രീനിലയത്തിൽ വീടിന്റെ രണ്ടാം നിലയിൽ വാടകയ്ക്കു താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ഇവർ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് സിലണ്ടറിൽ ചോർച്ചയുണ്ടായി തീ ആളികത്തിയത്. ഉടൻ തന്നെ അഞ്ചുപേരും രണ്ടാം നിലയിൽ നിന്ന് താഴേക്കു ചാടുകയായിരുന്നു. ജോസഫിനു കാലിനും പ്രവീണിനു കൈയ്ക്കുമാണു പരിക്കേറ്റത്. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം എസ് എച്ച് ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഗ്യാസ് ട്യൂബിന്റെ കാലപ്പഴക്കമാണ് ചോർച്ചയ്ക്കു കാരണമെന്നു ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.