പത്തനംതിട്ട: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ അടക്കം രണ്ടു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലശേരി വിജയവിലാസം ശ്രീകാന്ത് (30), ഇന്ദീവരം ബിസ്മി രാജ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. ഇവരുടെ ഫോൺ കസ്റ്റഡിയിൽ എടുത്തു. ഈ പോസ്റ്റ് ഷെയർ ചെയ്ത വാട്സാപ്പ് ഗ്രൂപ്പുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. പാറക്കടവ് പാലത്തിന് സമീപമുള്ള പച്ചക്കറി, മീൻ കടയ്ക്ക് അടുത്ത വീട്ടിലെ ആൾക്കും നഗരത്തിലെ സൂപ്പർ മാർക്കറ്റിലെ ഒരു ജീവനക്കാരനും കൊവിഡാണെന്നായിരുന്നു പ്രചാരണം.