
പത്തനംതിട്ട : കൊവിഡും ലോക്ക് ഡൗണും കാരണം റംമ്പൂട്ടാൻ വിപണി പ്രതിസന്ധിയിൽ. പഴം വിലയ്ക്കെടുക്കാൻ കച്ചവടക്കാർ മടിക്കുകയാണ്. കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്‌നാട് നിന്നും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്ന ആളുകളാണ് റംമ്പൂട്ടാൻ വാങ്ങുന്നത്. പഴുത്ത് പാകമാകുന്നതിന് മുൻപ് തന്നെ മരം പാട്ടത്തിനെടുക്കും.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണയായി റംമ്പൂട്ടാൻ പൂവിടുന്നത്. മേയ് മുതൽ ജൂലൈ മാസങ്ങളിൽ വിളവെടുപ്പിന് പാകമാകും.
ഇപ്പോൾ ജില്ലയിൽ ആയിരക്കണക്കിന് മരങ്ങളാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്. വലിയ കായ് ഉള്ള മരങ്ങളിൽ നിന്ന് കർഷകർക്ക് വൻ ലാഭം ലഭിച്ചിരുന്നു.എന്നാൽ ഇത്തവണത്തെ സാഹചര്യത്തിൽ നഷ്ടമായിരിക്കും. വിളഞ്ഞ് പഴുത്ത പഴങ്ങൾ മഴയിൽ നശിക്കുകയും ചെയ്യും.
തായ്‌ലന്റാണ് റംമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. മലായ് ദീപ സമൂഹങ്ങൾ ജന്മദേശമായ ഈ പഴത്തിന് നിബിഡം എന്ന അർത്ഥം വരുന്ന റംമ്പൂട്ട് എന്ന മലായി വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്. വൈറ്റമിൻ സി അടങ്ങിയ പഴമാണിത്.
ഒരു മരത്തിന് 5000 മുതൽ 10000 രൂപ വരെ ലഭിക്കും.
റംമ്പൂട്ടാൻ പഴത്തിന്റെ വില : 1കിലോ 200 250 രൂപ
"കഴിഞ്ഞ വർഷത്തെ ലാഭം ഇത്തവണ കിട്ടാൻ സാദ്ധ്യതയില്ല. പഴുത്ത് പോയാൽ ആരും വാങ്ങില്ല. ആദ്യം വിലപറഞ്ഞ് വലയിട്ടിട്ട് പോകുകയാണ് ചെയ്യുക. പഴുത്ത് പാകമായതിന് ശേഷമാണ് പറിക്കുക. എല്ലാവർക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്തെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് കർഷകർ "
വി.ആർ.സാജൻ
എലിമുള്ളുംപ്ലാക്കൽ