പത്തനംതിട്ട : തണ്ണിത്തോട് പ്ലാന്റേഷൻ കോർപ്പറേഷൻ റബറുകളുടേത് മാത്രമല്ല കറുവപട്ടയുടേതുമാണ്.
റബ്ബർ പ്ലാന്റേഷനിൽ കറുവപ്പട്ടയും വിളയുമെന്ന് തെളിയിക്കുകയാണ് കോർപ്പറേഷൻ അധികൃതർ. 2018ലാണ് കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ നിന്ന് എത്തിച്ച അഞ്ഞൂറ് മൂട് കറുവപ്പട്ട പ്ലാന്റേഷൻ ഓഫീസിന് സമീപം നട്ടുവളർത്തിയത്.
മൂന്ന് വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് ആരംഭിക്കും.
കറുവപ്പട്ട വിളവെടുപ്പ്
പത്ത് ഇഞ്ച് വണ്ണമുള്ള ശിഖരങ്ങൾ മുതൽ മുറിച്ചെടുത്ത് കരിമ്പട്ട ചീകി കളയും. ശേഷം ഉള്ള പട്ട ചീകി എടുക്കുന്നതാണ് ഗുണമേൻമയുള്ള പട്ട. പച്ചതടിയിൽ നിന്ന് പട്ട ചീകി എടുത്തതിന് ശേഷം ഇത് വെയിലത്ത് ഇട്ട് ഉണക്കി എടുത്താണ് ഉപയോഗിക്കുക. വർഷത്തിൽ രണ്ട് തവണയാണ് പട്ട ശേഖരിക്കുന്നത്.
കാസിയ, സിനമൺ എന്നീ ഇനം കറുവപ്പട്ടകളാണുള്ളത്. സിനമൺ ഇനത്തിൽ പെട്ട കറുവപ്പട്ടയ്ക്കാണ് ഗുണമേൻമ കൂടുതൽ. കറുവപ്പട്ടയുടെ ഇല വാറ്റി ചില സ്ഥലങ്ങളിൽ എണ്ണ നിർമ്മിക്കുന്നുമുണ്ട്. കൊതുക് ശല്ല്യം കുറയ്ക്കുന്നതിന് ഉത്തമമാണ് കറുവപ്പട്ട എണ്ണ. കാസർഗോഡ് നിലമ്പൂർ, ചീമേനി എന്നിവിടങ്ങളിൽ കറുവപ്പട്ട ഉൽപന്നങ്ങളുടെ വിതരണത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ പ്രത്യേക സ്റ്റാളുകൾ സ്ഥാപിക്കാറുണ്ട്. സ്വകാര്യ വ്യക്തികൾ കറുവപ്പട്ട എണ്ണ ലേലത്തിനെടുത്ത് വിദേശങ്ങളിലേക്ക് കയറ്റി അയക്കാറുമുണ്ട്.
"കറുവപ്പട്ടയോടൊപ്പം അഞ്ഞൂറ് മൂട് റമ്പൂട്ടാൻ അൻപത് മൂട് കറിനാരകം എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മുപ്പത് മൂട് കുടംപുളി, മുന്നൂറ് മൂട് ചെറുനാരകം, വാളം പുളി എന്നിവ ഉടനേ നട്ടു തുടങ്ങും. രണ്ട് വർഷമേ ആയുള്ളു ഇവിടുത്തെ കറുവപട്ടയ്ക്ക്. "
തണ്ണിത്തോട് പ്ലാന്റേഷൻ
കോർപ്പറേഷൻ അധികൃതർ