പന്തളം: പന്തളം നഗരത്തിലൂടെ കടന്നുപോകുന്ന മാലിന്യവാഹിനിയായ മുട്ടാർ നീർച്ചാൽ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചെന്നു പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തിലേറെയായിട്ടും യാതൊരു നടപടിയുമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.രണ്ടു തവണ ആലോചനയോഗവും നടന്നു. ചാലിന്റെ വിസ്തൃതി അളന്നു തിട്ടപ്പെടുത്തുന്നതിനായി കല്ലിട്ട് ചിറ്റയം ഗോപകുമാർഎം.എൽ.എഉദ്ഘാടനം നടത്തിയിട്ട് ഒരു വർഷത്തിലേറെയായി. മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്.ഇപ്പോൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ വീണ്ടും പ്രഹസനയോഗം വിളിച്ചു പന്തളത്തെ ജനങ്ങളെ അപഹാസ്യരാക്കുകയാണ് എം.എൽ.എ. ചെയ്യുന്നത് .ചാലിന്റെ ഇരുവശവും അളന്ന് തിരിച്ചു കുറ്റമറ്റ രീതിയിൽ ചാൽ നവീകരണം നടത്തുവാൻ ഒരു വർഷം മുമ്പ് ഉദ്ഘാടനം നടത്തിയതല്ലാതെ യാതൊരു നടപടിയുമുണ്ടാക്കാതെ പ്രഹസനയോഗം വിളിച്ചത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു മാത്രമാണ്. എം.എൽ.എ.ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നു പോലും നടപ്പിലായിട്ടില്ല. പന്തളം ബൈപ്പാസും മിനി സിവിൽ സ്റ്റേഷനും ട്രഷറി കെട്ടിടവും മുനിസിപ്പൽ കെട്ടിടവും എല്ലാം അതിൽ ചിലതു മാത്രമാണ്. ഇത്തരം കപടനാടകങ്ങൾ ജനം തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കളായ കെ.ആർ.വിജയകുമാർ, എ.നൗഷാദ് റാവുത്തർ,പന്തളം മഹേഷ്, ജി.അനിൽകുമാർ,പറഞ്ഞു എം.ജി.രമണൻ മഞ്ജു വിശ്വനാഥ്,ആനി ജോൺ തുണ്ടിൽ,സുനിതാ വേണു എന്നിവർ പറഞ്ഞു.