പത്തനംതിട്ട : സംസ്ഥാനത്തെ ഏഴ് പുതിയ ഹോട്ട്സ്പോട്ടിൽ ഒന്ന് ജില്ലയിലെ മല്ലപ്പുഴശ്ശേരിയും. ജില്ലയിലെ ഏക ഹോട്ട്സ്പോട്ടാണിത്.

സി.ഡി.എസ്.ചെയർപേഴ്സണും ആശാവർക്കറുമായ യുവതിയ്ക്ക് കൊവിഡ് പോസീറ്റീവ് ആയതിനെ തുടർന്നാണ് മല്ലപ്പുഴശ്ശേരിയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. 480ൽ അധികം സെക്കൻഡറി കോൺടാക്ടുകളും പത്തിലധികം പ്രൈമറി കോൺടാക്ടുകളും ഇവർക്ക് കണ്ടെത്തിയിട്ടുണ്ട്. എല്ലാവരെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിലെ ഒൻപത് പേരും പ്രൈമറി ഹെൽത്ത് സെന്ററിലെ 10 പേരും ഇതിൽപ്പെടും.

ഹോട്സ്പോട്ടിൽ പുറത്തിറങ്ങി നടക്കാനോ പുറത്ത് നിന്നുള്ളവർക്ക് ആ സ്ഥലത്തേക്ക് കടക്കാനോ അനുവാദമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് അനുമതി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിക്കാൻ പാടില്ല. സർക്കാർ ഓഫീസുകൾ കുറച്ചു ജീവനക്കാരെ കൊണ്ട് പ്രവർത്തിപ്പിക്കാം. പൊതുജനങ്ങൾക്ക് പ്രവേശനം പരിമിതം ആണ്. പ്രധാന റോഡുകളിൽ കൂടി വാഹന ഗതാഗതം അനുവദിക്കും. ആളുകൾ കൂട്ടം കൂടരുത്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകരുത്. പൊലീസ് പരിശോധന ഉണ്ടാകും.തൊട്ടടുത്ത പ്രദേശങ്ങളിലും ഇത് ബാധകം ആണ്.