പള്ളിക്കൽ: ചേന്നംപുത്തൂർ കോളനിയിലെ സ്ഥിരതാമസക്കാർക്ക് പട്ടയം ലഭിക്കുന്നതിന് താമസക്കാരുടെ ലിസ്റ്റ് ഹൗസിംഗ് ബോർഡിന് കൈമാറണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസ് പടിക്കൽ ധർണ നടത്തി.ഹൗസിംഗ് ബോർഡ് വക സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്ന ഇവർക്ക് പട്ടയം നൽകാമെന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ആവർത്തിച്ച് പറഞ്ഞിട്ടും താമസക്കാരുടെ ലിസ്റ്റ് നൽകാൻ പഞ്ചായത്ത് തയാറാകാത്തത് കഴിഞ്ഞദിവസം കേരള കൗമുദി വാർത്തയാക്കിയിരുന്നു. ഇതിനെതുടർന്നാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. കഴിഞ്ഞ പ്രളയ കാലത്ത് കോളനിയിൽ വെള്ളം കയറി ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തുടർന്ന് എം.എൽ.എയും,ജില്ലാകളക്ടറും,ഹൗസിംഗ് ബോർഡ് ചെയർമാനും പങ്കെടുത്ത യോഗതീരുമാനമാണ് ലംഘിച്ചത്.പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെങ്ങമം അദ്ധ്യക്ഷത വഹിച്ചു.പി.കെ.മുരളി,കൃഷ്ണകുമാർ,ജയകുമാർ.പി,വിഷ്‌ണു പള്ളിക്കൽ, രാഹുൽകൈതക്കൽ,ശ്രീരാജ് ഈരിക്കൽ,അനന്തകൃഷ്ണൻ,അനുകൃഷ്ണൻ,അനന്തഗോപൻ,ബെനിലാൽ, അനുരാജ്,വിനീത്,അമൽ എന്നിവർ സംസാരിച്ചു.