പത്തനംതിട്ട : തുടർച്ചയായ 16-ാം ദിനം പെട്രോൾ, ഡീസൽ വില കത്തിക്കയറുമ്പോൾ ആശങ്കയിലാണ് ജനങ്ങൾ. ഇന്നലെ പത്തനംതിട്ടയിൽ പെട്രോളിന് വില 80.47 രൂപയും ഡീസലിന് 75.36 രൂപയുമാണ്. വില വർദ്ധന ഓട്ടോ, ടാക്സി, ബസ് സർവീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. പൊതുഗതാഗതം വളരെ കുറച്ച് പേർ മാത്രമേ ഇപ്പോൾ ജില്ലയിൽ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ട് തന്നെ ബസ് സർവീസടക്കം പ്രതിസന്ധിയായപ്പോഴാണ് പെട്രോൾ,ഡീസൽ വില വർദ്ധനയും. കൊവിഡ് ഭീതിയിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവരാണ് അധികവും. പലർക്കും ജോലി നഷ്ടപ്പെട്ടും ശമ്പളം മുടങ്ങിയും വരുമാനം നിലച്ച സാഹചര്യത്തിൽ പകച്ചർവ്യാധി പോലെ പടരുന്ന ഇന്ധന വില വർദ്ധന കനത്ത തിരിച്ചടിയാകുകയാണ്.
ഈ മാസം ഒന്നിന് 72.17 രൂപ ആയിരുന്ന പെട്രോൾ വില 22 ആയപ്പോഴേക്കും 80.47 രൂപയിലെത്തി. ആകെ 8.03 രൂപ ഇതുവരെ വർദ്ധിച്ചു. ഡീസൽ വില ഈ മാസം ഒന്നിന് 66.42 രൂപ, 22ന് 75.36 രൂപയിലെത്തി. ആകെ വർദ്ധനവ് : 8.94 രൂ
കഴിഞ്ഞ പത്ത് ദിവസത്തെ പെട്രോൾ , ഡീസൽ വില (ലിറ്റർ)
ജൂൺ 13 - പെട്രോൾ ₹ 76.07, ഡീസൽ ₹70.20
14 - പെട്രോൾ ₹ 76.69, ഡീസൽ ₹70.80
15 - പെട്രോൾ ₹77.17 , ഡീസൽ ₹71.36
16 - പെട്രോൾ ₹77.64, ഡീസൽ ₹71.90
17 - പെട്രോൾ ₹79.19, ഡീസൽ ₹72.46
18 - പെട്രോൾ ₹78.72 , ഡീസൽ ₹73.07
19 - പെട്രോൾ ₹79.28, ഡീസൽ ₹73.67
20- പെട്രോൾ ₹79.79 , ഡീസൽ ₹74.24
21- പെട്രോൾ ₹80.14, ഡീസൽ ₹74.81
22-പെട്രോൾ ₹80.47, ഡീസൽ ₹75.36
"ഇപ്പോൾ ഓട്ടം കുറവാണ്. ആളുകൾ വളരെ കുറവാണ് ഓട്ടോയെ ആശ്രയിക്കുന്നത്. ചിലപ്പോൾ നൂറ് രൂപ തികച്ച് ഓടാത്തവർ ഉണ്ട്. നിരവധി ചെറുപ്പക്കാർ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്നുണ്ട്. ലോക്ക് ഡൗണും കൊവിഡും എല്ലാത്തിനുമൊപ്പം ഞങ്ങളെ പ്രതിസന്ധിയിലാക്കുകയാണ് പെട്രോൾ, ഡീസൽ വില വർദ്ധന. "
അശോകൻ
(ഓട്ടോ ഡ്രൈവർ, തിരുവല്ല)
"തികച്ചും പരിതാപകരമാണ് ഞങ്ങളുടെ അവസ്ഥ. വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞാഴ്ച സർവീസ് നടത്തിയ ബസുകൾ ഒന്നും ഈ ആഴ്ച സർവീസ് നടത്തിയില്ല. ഓരോ ദിവസവും ഇങ്ങനെ സർവീസ് മുടങ്ങി കൊണ്ടിരിക്കുകയാണ്. ആളുകളും കുറവാണ്. "
ലാലു മാത്യു
(സ്വകാര്യ ബസ് ഉടമ)