തണ്ണിത്തോട്: കോന്നിയിലെ ആറായിരത്തോളം കൈവശകർഷകർക്ക് പട്ടയം വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് മലയോരകർഷകർ നോക്കിക്കാണുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ കുറെ മഹസർ തയ്യാറാക്കിയിരുന്നു. ഇത് വനം വകുപ്പ് അംഗീകരിച്ചിരുന്നില്ല. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന തടസങ്ങളെപ്പറ്റി മനസിലാക്കുന്നതിന് കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പി.ബി. നൂഹ് എന്നിവരുൾപ്പെട്ട സംഘം 2019 ഡിസംബറിൽ കർഷകരുമായി ചർച്ച നടത്തിയിരുന്നു. ജണ്ടയ്ക്ക് പുറത്ത് പട്ടയം നല്കന്നതിനെ വനം വകുപ്പ് എതിർക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ പട്ടയം വിതരണം ചെയ്യുന്നതിന് സാഹചര്യമൊരുങ്ങിയത്.
1980 മുതൽ മലയോര കർഷകർ പട്ടയത്തിനായി കാത്തിരിക്കുകയാണ്. നിലവിൽ 5677 അപേക്ഷകരാണുള്ളത്. 2016ൽ ചിറ്റാറിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്നപ്പോൾ പട്ടയമേള നടത്തിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയിലാതെയാണ് അന്ന് പട്ടയം വിതരണം ചെയ്തതെന്ന് ചൂണ്ടികാട്ടി പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ഇത് റദ് ചെയ്തു.
പട്ടയം ഓഫീസ് തുടങ്ങി
സീതത്തോട് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിൽ സ്‌പെഷ്യൽ റവന്യൂ പട്ടയം ഓഫീസ് പ്രവർത്തനം ആരംഭിച്ച് പട്ടയം നല്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ജില്ലാ കളക്ടർ, റാന്നി, കോന്നി ഡി.എഫ്.ഒമാർ എന്നിവർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചതിനെ തുടർന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്ര അനുമതിക്കായി നൽകിയിരിക്കുകയാണ്.
6000 കുടുംബങ്ങൾക്ക് പട്ടയം
വനം വകപ്പിന്റെ അനുമതിയോടെയാണ് റവന്യൂവകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവനുസരിച്ച് റവന്യൂരേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി, പട്ടികവർഗ്ഗമുൾപ്പടെയുള്ള സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നല്കുന്നതിന് അനുമതി ഉണ്ട്. ഭൂമിക്ക് വനം വകുപ്പ് അവകാശവാദമുന്നയിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കാൻ സർക്കാരിന് കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കോന്നിയിലെ കൈവശ കൃഷിക്കാർ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകർഷകർക്കാണ് പട്ടയം ലഭിക്കുന്നത്.