തിരുവല്ല: പഠിക്കുവാൻ വൈദ്യുതിയും കിടക്കുവാൻ താമസയോഗ്യമായ വീടും ഇല്ലാതിരുന്ന വാമികയ്ക്കും വസന്തിനും വീടൊരുങ്ങുന്നു.തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെയും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെയും നേതൃത്വത്തിലാണ് വീട് നിർമാണം. നിലവിലുള്ള അടിത്തറക്ക് മേൽ മൂന്ന് മുറികളും അടുക്കളയും ശുചിമുറിയോടും കൂടിയ വീടാണ് നിർമ്മിക്കുന്നത്.വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ വാമികയും വസന്തും മാതാപിതാക്കൾക്കൊപ്പം വൈദ്യുത കണക്ഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കാവുംഭാഗം കെ.എസ്.ഇ..ബി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചിരുന്നു.തുടർന്ന് അന്ന് വൈകിട്ട് തന്നെ സബ് എൻജിനിയർ ഉൾപ്പടെയുള്ളവർ നേരിട്ടെത്തി വൈദ്യുത കണക്ഷൻ നൽകിയിരുന്നു.തുടർന്നാണ് വാതിലുകളോ മറ്റ് അടച്ചുറപ്പോ ഇല്ലാതെ തകർന്ന മേൽക്കൂരയുമായി ഏത് നിമിഷവും നിലം പതിക്കാവുന്ന തരത്തിൽ നിലനിൽക്കുന്ന ഒറ്റമുറി വീട് വാസയോഗ്യമാക്കുന്നതിന് തയാറായി തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സും രംഗത്ത് വന്നത്.ഒരു മാസത്തിനുള്ളിൽ വീടു പണി പൂർത്തിയാകുമെന്ന് നിർമ്മാണ കമ്മിറ്റി കൺവീനർ അഡ്വ.പ്രകാശ് പി.തോമസ് അറിയിച്ചു.