പത്തനംതിട്ട : ജില്ലയിൽ കൂടുതൽപേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിർദേശിച്ചു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അവലോകനത്തിനായി എം.എൽ.എമാരുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുമായും വിവിധ ഉദ്യോഗസ്ഥരുമായും കളക്ടറുടെ ചേംബറിൽ നിന്ന് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് വാർഡ് തലത്തിലുള്ള നിരീക്ഷണ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണം. നിലവിൽ ജാഗ്രത കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ജാഗ്രതയിൽ കുറവ് വരാൻ പാടില്ല. ജാഗ്രതാ സമിതികൾ മികച്ച രീതിയിലേക്കു പ്രവർത്തനം കൊണ്ടുവരണം. മാസ്‌ക് ശരിയായ രീതിയിൽത്തന്നെ ധരിക്കണം. ശാരീരിക അകലം നിർബന്ധമായും ഉണ്ടാകണം. നിലവിലുള്ള ഇളവുകൾ കർശനമാക്കേണ്ട സ്ഥിതിയുണ്ട്. വരുംദിവസങ്ങളിൽ ജില്ലയിലേക്കു കൂടുതൽ പ്രവാസികൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഓരോ നിയോജകമണ്ഡലത്തിലും കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് ഗൗരവത്തിൽ എടുക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്‌നേഹപൂർവമായ ഇടപെടൽ നടത്തണം. പഞ്ചായത്ത്, വാർഡ്തലങ്ങളിൽ സമിതികൾ കൂടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
എം.എൽ.എമാരായ രാജു എബ്രഹാം, വീണാ ജോർജ് , കെ.യു ജെനീഷ്‌കുമാർ, ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.