മല്ലപ്പള്ളി- താലൂക്ക് പരിധിയിലുള്ള കൊറ്റനാട്, പുറമറ്റം പഞ്ചായത്തുകൾ ഭരണ പ്രതിസന്ധിയിൽ. പുറമറ്റത്ത് യു.ഡി.എഫിലെ ധാരണപ്രകാരം പ്രസിഡന്റായിരുന്ന റേച്ചൽ ബോബൻ രാജി സമർപ്പിച്ചെങ്കിലും നിയമപ്രശ്‌നംമൂലം രാജി അംഗീകരിച്ചിട്ടില്ല. യു.ഡി.എഫിന് വൃക്തമായ ഭൂരിപക്ഷമുള്ള കൊറ്റനാട്ട് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ സി.പി.എം അംഗത്തിനെതിരെ യു.ഡി.എഫ് സമർപ്പിച്ച അവിശ്വാസ പ്രമേയം 25ന് ചർച്ചക്കെടുക്കും. പ്രസിഡന്റ് പദവി എസ്.സി. വനിതാ സംവരണമാകുകയും യു.ഡി.എഫിന് സ്ഥാനാർത്ഥിയില്ലാതാകുകയും ചെയ്തതോടെയാണ് എൽ.ഡി.എഫ് അംഗം പ്രസിഡന്റായത്. യു.ഡി.എഫ് നിലപാടിൽ ഉറച്ചുനിന്നാൽ ബി.ജെ.പിയെ പ്രതിനിധികരിക്കുന്ന അംഗം പ്രസിഡന്റ് പദവിയിലെത്തുമെന്ന് സൂചനയുണ്ട്. പുറമറ്റത്ത് മൂന്നാമത്തെ പ്രസിഡന്റിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടയിൽ നിലവിലുള്ള വൈസ് പ്രസിഡന്റിനെതിരെ യു.ഡി.എഫിലെ ഒരുവിഭാഗം വരണാധികാരിയായ കോയിപ്രം ബി.ഡി.ഒ മുമ്പാകെ അവിശ്വാസത്തിനുള്ള നോട്ടീസ് നൽകി. ഇത് 30ന് ചർച്ചക്കെടുക്കും. മല്ലപ്പള്ളി ബി.ഡി.ഒയുടെ അദ്ധ്യക്ഷതയിൽ 25ന് കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പ്രമേയം ചർച്ചക്കെടുക്കും. കൊവിഡ്, മഴക്കാലപൂർവ പരിപാടികൾ, ഓൺലൈൻ പഠനം, സുഭിക്ഷകേരളം, വാർഷിക പദ്ധതി നിർവഹണം തുടങ്ങി നിരവധി അടിയന്തര കാര്യങ്ങൾ നടത്തുന്നതിനിടയിലും ഭരണ സമിതികളുടെ കാലാവധി അവസാനിക്കുവാൻ മാസങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നതിനിടെയുണ്ടാകുന്ന മാറ്റങ്ങൾ ഭരണ രംഗത്തെ തളർത്തുമെന്ന അഭിപ്രായം ശക്തമാണെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ.