പത്തനംതിട്ട: ജില്ലാതല ഞാറ്റുവേല ചന്തയും കർഷക സഭകളും ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടൂർ നിയോജകമണ്ഡലത്തിലെ പള്ളിക്കൽ കൃഷിഭവന്റെ പരിധിയിലുള്ള പാസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിച്ചു. ഫലവൃക്ഷങ്ങൾ, തെങ്ങ്, കുരുമുളക് എന്നിവയുടെ കൃഷി ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കർഷകർ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു. ത്രിതല പഞ്ചായത്തുകളും കർഷകരും കൈകോർത്താൽ തരിശുരഹിത പത്തനംതിട്ട ജില്ല എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കാമെന്നും എം.എൽ.എ പറഞ്ഞു. സമഗ്ര വാഴകൃഷി പദ്ധതി ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷും സമഗ്ര പച്ചക്കറി കൃഷി പദ്ധതി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരിയും സുഭിക്ഷകേരളം തരിശുപച്ചക്കറി കൃഷി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷും നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിലാ മാത്യു, ആത്മ പ്രോജക്ട് ഡയറക്ടർ എസ്.ഗീതാകുമാരി, കൃഷി ഓഫീസർ റോണി വർഗീസ് എന്നിവർ പങ്കെടുത്തു.