കുളത്തൂർ: വായ്പ്പൂര് കുളത്തൂർ ദേവീക്ഷേത്രത്തിന് സമീപം റോഡിൽ മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ടാറിംഗിനായി കൊണ്ടുവന്ന മെറ്റലാണ് റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി ചിതറിക്കിടക്കുന്നത്. ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മഴ കനത്തതിനാൽ റോഡിലേക്ക് ചിതറിയ മെറ്റലുകൾ കാണാൻ സാധിക്കുന്നില്ല. ഇത് അപകടത്തിന് വഴിയൊരുക്കും. മാസങ്ങൾക്ക് മുൻപ് തന്നെ ടാറിംഗ് പൂർത്തിയായതാണ്. എന്നാൽ ബാക്കി വന്ന മെറ്റലുകളാണ് കുന്നുകൂടി വാഹനങ്ങൾ കയറി റോഡിലേക്ക് ചിതറിക്കിടക്കുന്നത്. അടിയന്തരമായി റോഡിലെ മെറ്റൽ നീക്കണമെന്ന ആവശ്യം ശക്തമാണ്.