അടൂർ: ബാലവേലയിൽ നിന്ന് മോചിപ്പിച്ച് രണ്ടുമാസമായി അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞുവന്നിരുന്ന തമിഴ്നാട് സ്വദേശികളായ ആറ് കുട്ടികളെ നാട്ടിലേക്കയച്ചു.
ജില്ലാ ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥരും ജുവനൈൽ പൊലീസും ചേർന്നാണ് കുട്ടികളെ കുമളി ചെക്ക് പോസ്റ്റിൽ എത്തിച്ചത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥരായ ഷാൻ രമേശ് ഗോപൻ, കെ.ആർ വിൻരാജ്, എം.ആർ രഞ്ജിത് എന്നിവരാണ് കുട്ടികളെ കൊണ്ടുപോയത്.. മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീൽഡ എന്നിവർ നേതൃത്വം നൽകി. ഇവിടെ നിന്ന് തേനി ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ബന്ധുക്കൾക്ക് കൈമാറി.
മാർച്ച് 17നാണ് അടൂർ മണക്കാല ചിറ്റാണിമുക്കിലുള്ള ബേക്കറിയിൽ നിന്ന് കുട്ടികളെ മോചിപ്പിച്ചത്.തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം മഹാത്മജനസേവനകേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു.