അരുവാപ്പുലം: വീടിനു സമീപത്തെ മദ്യപശല്യം ചോദ്യം ചെയ്തതിന് ഒരു കുടുംബത്തിലെ നാലുപേരെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച വൈകിട്ട് 5:30 ന് ഊട്ടുപാറ ഹൈസ്‌കൂളിന് സമീപമാണ് സംഭവം. ഇവിടുത്തെ മദ്യപസംഘത്തിലുള്ളവരും ഇതിനെ ചോദ്യം ചെയ്തവരും തമ്മിലുണ്ടായ വക്കേറ്റത്തെ തുടർന്നായിരുന്നു സംഘർഷം. സംഭവത്തിൽ ഊട്ടുപാറ പുത്തൻവീട്ടിൽ ബിനു, ഭാര്യ രാജി, അമ്മ രാജമ്മ, രാജിയുടെ അച്ഛൻ വിജയകുമാർ എന്നിവർക്ക് പരിക്കേറ്റു. ബിനുവും രാജമ്മയും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ഇവിടെയെത്തിയ അക്രമികൾ ഇവരെ വീണ്ടും മർദ്ദിച്ചു.. ഡോക്ടർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. ഊട്ടുപാറ സ്വദേശികളായ അഭിലാഷ്, റെജി, സാബു, സതീഷ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് കോന്നി സി.ഐ. പി. എസ്.രാജേഷ് പറഞ്ഞു.