അടൂർ : സമരം ചെയ്യേണ്ടത് ഇവിടേക്കല്ല,പൈപ്പ് മറ്റിയിടൽ അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്ന വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലേക്കാണ്.പറക്കോട് -കൊടുമൺ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ളിയു.ഡി അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരോട് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞ വാക്കുകളാണിത്.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ കരാർ കൊടുത്തിട്ട് എട്ട് മാസമായി. ചിരണിക്കൽ ജലശുദ്ധീകരണ പ്ളാന്റ് മുതൽ പറക്കോട് ജംഗ്ഷൻ വരെയുള്ള രണ്ട് കിലോ മീറ്റർ ഭാഗത്തെ ഗുണനിലവാരം കുറഞ്ഞ പഴയ ആസ്ബസ്റ്റോസ് പൈപ്പ് മാറ്റി പകരം ഡി.ഐ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കേണ്ടതുണ്ട്.കിഫ്ബിയിൽ നിന്നും ഇതിനാവശ്യമായ പണം അനുവദിക്കുന്നതിനുള്ള കാലതാമസമാണ് കാരണമായി വാട്ടർ അതോറ്റി ഉദ്യോഗസ്ഥർ പറയുന്നത്.ജലശുദ്ധീകരണ പ്ളാന്റിൽ നിന്നും അടൂർ നഗരസഭയ്ക്ക് പുറമേ അഞ്ച് പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്ന പൈപ്പ് ലൈനുകൾ ഈ റോഡിനടിയിലൂടെയാണ് കടന്നുപോകുന്നത്.പൈപ്പിന്റെ ഗുണനിലവാരമില്ലായ്മ കാരണം അടിക്കടി പൈപ്പ്പൊട്ടി റോഡ് തകർന്ന് തരിപ്പണമായിട്ട് രണ്ട് വർഷത്തോളമാകുന്നു.പൈപ്പ്പൊട്ടൽ പരിഹരിക്കാൻ എടുത്തകുഴികളാണ് ഇരുചക്ര മുച്ചക്ര വാഹനയാത്രക്കാർക്ക് അപകടകെണി ഒരുക്കിയിരിക്കുന്നത്. യാത്ര ദുഷ്ക്കരമായതോടെയാണ് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ഉയർന്ന് തുടങ്ങിയത്.പി.ഡബ്ളിയു.ഡി കരാർ കൊടുത്ത് എട്ട് മാസം കഴിഞ്ഞിട്ടും പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതികാനുമതി ഇനിയും നേടിയെടുത്തിട്ടില്ലാത്തതിനാൽ ടാറിംഗ് അനിശ്ചിതമായി നീളും.
റോഡിന്റെ ദൂരം - 3.600 കിലോ മീറ്റർ
നിർമ്മാണചെലവ് - 3 കോടി.
കരാർ കാലാവധി - 6 മാസം
കരാർ നൽകിയിട്ട് - 8 മാസം.
പൈപ്പ് മാറ്റിയിടാതെ ടാറിംഗ് നടത്തിയാൽ തൊട്ടടുത്ത ദിവസം തന്നെ മുഴുവനും തകരും. അതിനാൽ പൈപ്പ് മാറ്റി റോഡ് കൈമാറിയാൽ മാത്രമേ ടാറിംഗ് ആരംഭിക്കാനാകൂ.
അസി.എക്സിക്യൂട്ടീവ് എൻനിജിയർ
പി.ഡബ്ളി.യു.ഡി,അടൂർ
ആദ്യം അനുവദിച്ച തുക മതിയാകാതെ വന്നതോടെയാണ് പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിരിക്കുന്നത്. പണം അനുവദിച്ചാൽ ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി പൈപ്പ്മാറ്റും.
അസി.എക്സിക്യൂട്ടീവ് എൻജിനിയർ,
വാട്ടർ അതോറിറ്റി, പത്തനംതിട്ട
വാട്ടർ അതോററ്റിയുടെ മെല്ലെപ്പോക്കാണ് ഇതിന് കാരണം. സമരം ഇനി അവിടേക്ക് വ്യാപിപ്പിക്കും.
മനു തയ്യിൽ
(പ്രദേശവാസി)