gopalan

പത്തനംതിട്ട : ലോക്ക് ഡൗണിലായിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുന്നു. മാർച്ച് 23ന് ആയിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപനം. ചിലർക്ക് അത് ദാരിദ്രത്തിന്റെയും കഷ്ടതയുടേയും തുടക്കമായിരുന്നു. വിവിധ മേഖലകളിലുള്ളവർ പ്രതികരിക്കുന്നു.

എട്ട് മാസം മുമ്പ് ഞങ്ങളുടെ മകൾ മരിച്ചു. നിരവധി ചികിത്സ നടത്തിയിട്ടും മകളെ കിട്ടിയില്ല. കപ്പലണ്ടി വിറ്റ് കിട്ടുന്ന തുക കൊണ്ടാണ് കുടുംബം നോക്കുന്നത്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചപ്പോഴാണ് കപ്പലണ്ടി വിൽക്കാൻ എത്തുന്നത്. സ്ഥിരം അല്ലെങ്കിലും ഒരു മകൾ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ അവൾക്കും ജോലി നഷ്ടപ്പെട്ടു. വളരെ പരിതാപകരമാണ് അവസ്ഥ.

- ഗോപാലൻ മുണ്ടുകോട്ടയ്ക്കൽ

(കടല വിൽപ്പനക്കാരൻ)

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ കാത്താലും 200 രൂപ പോലും കിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കിട്ടുന്ന തുക പെട്രോളിനും ഡീസലിനും പോലും തികയില്ല. വണ്ടിയുടെ സി.സി അടയ്ക്കാൻ കഴിയുന്നില്ല. ആദ്യ ഘട്ടത്തിൽ ജൂൺ ആകുമ്പോഴേക്കും ശരിയാകും എന്നൊക്കെയാണ് വിചാരിച്ചത്. ഇപ്പോൾ ആ പ്രതീക്ഷയും ഇല്ല.

-പത്തനംതിട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ.

ബസുടമകൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ഇപ്പോൾ ഡീസൽ അടിക്കുന്നത്. സ്വകാര്യ ബസുകളിൽ മുമ്പ് മൂന്ന് പേർ ജോലിയ്ക്കുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടു പേരേയുള്ളൂ. ബുദ്ധിമുട്ടിന്റെ അങ്ങേയറ്റത്താണ് ഞങ്ങൾ. ലോക്ക് ഡൗണിൽ കിറ്റുകൾ ഒക്കെ ലഭിച്ചത് കൊണ്ടാണ് പിടിച്ച് നിന്നത്. പണയം വച്ചും കടം വാങ്ങിയുമാണ് മുന്നോട്ട് പോകുന്നത്.

- സ്വകാര്യ ബസ് തൊഴിലാളികൾ

 ലോക്ക് ഡൗണിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പറ്റാവുന്ന പോലെ പലരെും സഹായിച്ചു ലോക്ക് ഡൗണിൽ. സാധരണക്കാർക്ക് വയറ്റത്തടിയായിരുന്നു ലോക്ക് ഡൗൺ.

-നന്നുവക്കാട് വീട്ടിൽ ഊണ് നടത്തുന്ന ഓമനയും സഹായി പ്രഭയും

പുല്ലാട് കോയിപ്രം സ്റ്റേഷന് മുമ്പിൽ 20 വർഷമായി മാടക്കട നടത്തുകയാണ്. ലോക്ക് ഡൗണിൽ പൊലീസുകാർ എത്തി ചായകുടിക്കുമായിരുന്നു. ആഹാര സാധനങ്ങൾ ഒന്നും ഇല്ലായിരുന്നു. പൊലീസുകാർ കിറ്റും സാധനങ്ങളും ഒക്കെ തന്നിരുന്നു. അങ്ങനാണ് ജീവിച്ചത്. ലോട്ടറി കച്ചവടവും ഉണ്ടായിരുന്നു. അത് കൊണ്ട് ക്ഷേമനിധിയിൽ നിന്ന് 2000 രൂപ കിട്ടി. മകനും മകളും ഉണ്ട്. ഭർത്താവ് ഗോപിയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ട്.

- ഗ്രേസി ഗോപി

പുല്ലാട് മാടക്കട നടത്തുന്നു

തിരുവനന്തപുരത്ത് നിന്ന് ഇവിടെ എത്തിയിട്ട് 15 വർഷമായി. പുരയിടത്തിൻകാവ് കാഞ്ഞിരപ്പാറയാണ് ഇപ്പോൾ കുടുംബമായി താമസിക്കുന്നത്. ലോട്ടറി വിറ്റാണ് ജീവിതം. ക്ഷേമനിധി ലഭിച്ചിട്ടില്ല ഇതുവരെ. കിറ്റുകൾ ഒക്കെ പലരും തന്നു. പക്ഷെ എത്രയെന്ന് പറഞ്ഞാണ് എല്ലാരേയും ആശ്രയിക്കുക. അതാണ് വീണ്ടും ലോട്ടറിയും കൊണ്ട് ഇറങ്ങിയത്.

സുകുമാരൻ

(ലോട്ടറി വിൽപ്പനക്കാരൻ)