bridge
പെരിങ്ങര കൃഷ്ണപാദം പാലം

തിരുവല്ല: അരനൂറ്റാണ്ടോളം പഴക്കമുള്ള പെരിങ്ങര കൃഷ്ണപാദം പാലം അപകടഭീഷണിയിൽ. അറ്റകുറ്റപ്പണി ഇല്ലാതായതും അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോകുന്നതുമാണ് പാലത്തിന്റെ തകർച്ചയ്ക്കും അപകട ഭീഷണിക്കും ഇടയാക്കുന്നത്.പൊടിയാടി - സ്വാമിപാലം റോഡിൽ ചെറുമുട്ടാടത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപാദം പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഇരുകരകളിലുമായി പാലത്തെ താങ്ങി നിറുത്തുന്ന കരിങ്കൽ ഭിത്തികൾക്ക് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ പലയിടത്തും വിണ്ടുകീറി കമ്പി തെളിഞ്ഞ നിലയിലുമാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും നിരണം, പെരിങ്ങര ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലകളിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചെമ്മണ്ണുമായി രാപ്പകൽ ടോറസ് അടക്കമുള്ള ഭാരവാഹനങ്ങൾ ഈ പാലത്തിലൂടെയാണ് പതിവായി കടന്നുപോകുന്നത്. ഇതും പാലത്തിന്റെ ബലക്ഷയത്തിന് പ്രധാന കാരണമായിട്ടുണ്ട്. 2018ലെ മഹാപ്രളയത്തിൽ വൻമരങ്ങൾ വന്നിടിച്ചതും പാലത്തിന്റെ ബലക്ഷയത്തിന് ഇടയാക്കി.1978ൽ നിർമിച്ച പാലമാണിത്. പാലം നിർമ്മിച്ച് കാലമിത്ര പിന്നിടുമ്പോഴും തകർന്നുപോയ കൈവരികളുടെ അറ്റകുറ്റപ്പണികൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുള്ളത്. പാലത്തിന്റെ തെക്കുഭാഗത്തുകൂടി ഇരുവശങ്ങളിലേക്കും റോഡുകളും നിർമ്മിച്ചിട്ടുണ്ട്. ഈ റോഡുകളുടെ സംരക്ഷണഭിത്തിയും പലയിടങ്ങളിൽ ഇടിഞ്ഞുകിടക്കുകയാണ്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കവും അനുഭവപ്പെടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു.


പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഭാരവാഹനങ്ങൾ കടന്നുപോകുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിലടക്കം നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
പി.ജി പ്രകാശ്
(പെരിങ്ങര പഞ്ചായത്തംഗം)