പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ് സന്നദ്ധ പ്രവർത്തനത്തിലൂടെ തുടക്കംകുറിച്ച് എം.ജി കണ്ണൻ. ഡി.സി.സി ഒാഫീസിൽ നടന്ന സ്ഥാനമേറ്റെടുക്കൽ ചടങ്ങിനു ശേഷം ഭാരവാഹികൾക്കും പ്രവർത്തകർക്കുമൊപ്പം എം.ജി.കണ്ണൻ പോയത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കാണ്. 14 ബസുകൾ അണുവിമുക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ തുറന്നെതിർക്കുന്നതിനൊപ്പം യുവാക്കളെ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളാക്കി യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ശുചീകരണം ഉദ്ഘാടനം ചെയ്ത് എം.ജി. കണ്ണൻ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, അൻസാരി അടിമാലി, വിമൽ കൈതയ്ക്കൽ, റോബിൻ പരുമല, ആബിദ് ഷെഹീം, ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ജി മനോജ്‌, എം.എം.പി ഹസൻ, ലക്ഷ്മി അശോക്, ജിജോ ചെറിയാൻ, ആരിഫ് ഖാൻ, ജിതിൻ നൈനാൻ, എം.എസ് ഷിജു, അലക്സ്‌ കോയിപ്പുറത്ത്, അനന്തു ബാലൻ, അനൂപ് വേങ്ങവിളയിൽ, അബു എബ്രഹാം, ഷിനി തങ്കപ്പൻ, എന്നിവർ പങ്കെടുത്തു.

@ യൂത്ത് കോൺഗ്രസ്‌ പഴയ പ്രതാപത്തിലേക്ക് : പി.ജെ കുര്യൻ

പത്തനംതിട്ട: ജില്ലയിൽ യൂത്ത് കോൺഗ്രസ്‌ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വന്നിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. എം.ജി കണ്ണന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയ കാലഘട്ടത്തിലും കൊവിഡ് 19 കാലത്തും ജില്ലയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സേവന സന്നദ്ധരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് മണ്ഡലം മുൻ പ്രസിഡന്റ്‌ റോബിൻ പരുമല അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശിവദാസൻ നായർ, പഴകുളം മധു, ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോർജ്, കെ.പി.സി.സി അംഗം പി.മോഹൻരാജ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, അൻസാരി അടിമാലി, അനീഷ് വരിക്കണ്ണാമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, എ.സുരേഷ്‌കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ സംസാരിച്ചു.

@ ആദർശം മുറുകെപ്പിടിച്ച്

തൊഴിലാളി കുടുംബത്തിൽ ജനിച്ച് കടുത്ത കഷ്ടതകൾക്കിടയിലും കോൺഗ്രസിന്റെ ആദർശം മുറുകെപ്പിടിച്ചാണ് എം.ജി കണ്ണൻ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇരുപത്തിമൂന്നാം വയസിൽ യൂത്ത് കോൺഗ്രസിന്റെ മാത്തൂർ ബൂത്ത് പ്രസിഡന്റായി. ഇതേ പ്രായത്തിൽ ചെന്നീർക്കര പഞ്ചായത്തംഗവുമായി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ബ്ളോക്ക് സെക്രട്ടറി, ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ്, പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകൾ ലഭിച്ചു. 2011ൽ ഇലന്തൂർ ഡിവിഷനിൽ നിന്നും 2015ൽ റാന്നി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രളയ, കൊവിഡ് കാലങ്ങളിൽ ജനപ്രതിനിധിയായും യൂത്ത് കോൺഗ്രസ് ഭാരവാഹിയായും സന്നദ്ധപ്രവർത്തനത്തിൽ മികവ് പുലർത്തി.

വാഴമുട്ടം പോസ്റ്റ് ഒാഫിസിലെ പോസ്റ്റ് വുമൻ സജിതാമോളാണ് ഭാര്യ. മാത്തൂർ ഗവ. യു.പി.എസ് വിദ്യാർത്ഥികളായ ശിവകിരണും ശിവഹർഷനുമാണ് മക്കൾ.