തിരുവല്ല: ഗൾഫിൽ നിന്നെത്തിയ യുവതിക്ക് ഒരുക്കിയ ക്വാറന്റൈൻ സൗകര്യം എതിർപ്പിനെത്തുടർന്ന് വൈകി. പെരിങ്ങര പഞ്ചായത്തിലെ കൊവിഡ് കെയർ സെന്ററായ മെഡിസിറ്റിയിൽ ഇന്നലെ ഉച്ചയോടെ എത്തിയ യുവതിക്കാണ് മെഡിസിറ്റി അധികൃതരുടെ എതിർപ്പുകാരണം താമസ സൗകര്യം വൈകിയത്. നിലവിൽ ഇവിടെ ഒരാൾ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇതിനിടെ ഇവിടുത്തെ കൊവിഡ് കെയർ സെന്റർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിസിറ്റി അധികൃതർ രണ്ടാഴ്ച മുമ്പ് പെരിങ്ങര പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിരുന്നു. വിദേശങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് കെയർ സെന്റർ ഒഴിവാക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ കത്ത് പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്ക് കൈമാറി. ഇതിനിടെയാണ് ഇന്നലെ വിദേശത്ത് നിന്ന് പെരിങ്ങര സ്വദേശിനിയായ യുവതി എത്തിയത്. മറ്റു സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സബ് കളക്ടർ ഡോ. വിനയ് ഗോയൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി യുവതിയെ അവിടെ തന്നെ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കൂടുതൽ പേർ വിദേശങ്ങളിൽ നിന്ന് പെരിങ്ങര പഞ്ചായത്തിൽ എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.