23-thottachantha
തോട്ടചന്ത

മലയാലപ്പുഴ: ബ്രിട്ടീഷ് ഭരണകാലത്തെ കിഴക്കൻ മലയോരമേഖലയിൽ പ്രധാന ചന്തയായിരുന്ന തോട്ടചന്ത വിസ്മൃതിയിലായിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു.ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടത്തിലെ ഒന്നാം ഡിവിഷനിൽ ഞായറാഴ്ചകളിൽ നടന്നിരുന്ന ചന്തയ്ക്ക് പറയാനേറെയുണ്ട്. കറൻസി രഹിത വിനിമയം വരെ ആദ്യകാലത്ത് ചന്തയിലുണ്ടായിരുന്ന തോട്ടച്ചന്ത മലയാലപ്പുഴ,പൊതീപ്പാട്, മുക്കുഴി, തലച്ചിറ,കുമ്പളാംപൊയ്ക,വള്ളിയാനി,മൈലാടുപാറ,കിഴക്കുപുറം,വടക്കുപുറം,ഇലക്കുളം,ചെങ്ങറ,നാടുകാണി , കൊന്നപ്പാറ,അട്ടച്ചാക്കൽ,അതുബുംകുളം,എലിമുള്ളംപ്ലാക്കൽ,കുടപ്പന,കടവുപുഴ,അടുകഴി,തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് തങ്ങളുടെ കാർഷീക ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രധാന വിപണിയായിരുന്നു തോട്ടചന്ത.പത്തനംതിട്ടയിൽ നിന്നുള്ള വ്യാപാരികളും പതിവായിവിടെ കച്ചവടത്തിനെത്തിയിരുന്നു.ഹാരിസൺ പ്ലാന്റേഷനിൽ ജോലിക്കായെത്തിയ തമിഴ്‌നാട്ടിൽ നിന്നും,മംഗലാപുരത്തു നിന്നും ധാരാളം തൊഴിലാളികൾ അക്കാലത്ത് തോട്ടത്തിലെ മൂന്ന് ഡിവിഷനുകളിലെയും ലയങ്ങളിൽ താമസിച്ചിരുന്നു.തൊഴിലാളികളുടെ അവധി ദിവസമായ ഞായറാഴ്ചയാണ് ചന്ത നടന്നിരുന്നത്.ഇവിടെ കച്ചവടത്തിനെത്തിച്ചിരുന്ന കാർഷിക ഉത്പ്പന്നങ്ങൾ കൂടുതലും വാങ്ങിയിരുന്നത് തോട്ടം തൊഴിലാളികളായിരുന്നു.തൊഴിലാളികളും,സമീപ സ്ഥലങ്ങളിലെ നാട്ടുകാരുമായി ആഴ്ചതോറും കണ്ട് തങ്ങളുടെ ആവശ്യങ്ങൾ പറയാനും ഒത്തുചേരാനുമുള്ള കേന്ദ്രമായും ചന്ത ഒരു കാലത്ത് വളർന്നിരുന്നു.സ്വാതന്ത്ര്യലബ്ദ്ധിക്ക് മുൻപ് ബ്രിട്ടീഷുകാരായിരുന്നു തോട്ടത്തിന്റെ മാനേജുമെന്റിൽ ഉണ്ടായിരുന്നത്.ഇവിടുത്തെ കർഷകരും മണിയാറിന് സമീപത്തുള്ള കുടപ്പനയിലെ കർഷകരും കാർഷീക ഉത്പ്പന്നങ്ങൾ വനത്തിലൂടെ കടവുപുഴവഴി തലച്ചുമടായി കല്ലാർ കടന്ന് ഞായറാഴ്ചകളിൽ തോട്ട ചന്തയിലെത്തിച്ചിരുന്നു.

ഞായറാഴ്ചകളിലിൽ ഉത്സവ പ്രതീതി..........

കപ്പ,ചേന,കാച്ചിൽ,ചേമ്പ്,ചെറുകിഴങ്ങ്,ചക്ക,ചക്കക്കുരു,വാഴക്കുലകൾ എന്നിവ വിറ്റഴിച്ചിരുന്ന കർഷകർ,പത്തനംതിട്ടയിൽ നിന്നുള്ള മത്സ്യ വ്യാപാരികൾ, തുണി കച്ചവടക്കാർ,കുലുക്കി കുത്തുകാർ, കൺമഷിയും,ചാന്തും പൊട്ടും റിബണുകളും വിൽക്കുന്ന കച്ചവടക്കാർ,കൈനോട്ടക്കാർ,പക്ഷിശാസ്ത്രക്കാർ,ചായക്കടകൾ, ബാർബർ ഷോപ്പുകൾ,പലഹാരവിൽപ്പനക്കാർ,അരി കച്ചവടക്കാർ,പച്ചക്കറി,ഇറച്ചി വിൽപ്പനക്കാർ,പരബും,കുട്ടയും,പായും വിൽപ്പന നടത്തുന്നവർ,വാട്ടുകപ്പയും,വെള്ളകപ്പയും കച്ചവടം നടത്തുന്നവർ മൺചട്ടിയും കലവും,തവിയും വിൽപ്പന നടത്തുന്നവർ,പായസം വിൽക്കുന്നവർ തേങ്ങ കച്ചവടക്കാർ,ചീട്ടുകളി സംഘങ്ങൾ എല്ലാമുണ്ടായിരുന്നു ഒരു കാലത്ത് തോട്ടചന്തയിൽ.

വ്യാപാരികളിൽ പലരും ഇന്നില്ല

പത്തനംതിട്ടയിൽ നിന്നും, കുമ്പഴയിൽ നിന്നും എത്തി പതിവായിവിടെ കച്ചവടം നടത്തിയിരുന്ന വ്യാപാരികളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.സമീപപ്രദേശങ്ങളിൽ കടകൾ വർദ്ധിച്ചതോടെയും ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെയും തോട്ട ചന്ത വിസ്മൃതിയിലായി.ഇന്ന് ഹാരിസൺ കമ്പനി റബർ പ്ലാന്റ് ചെയ്യാതെയിന്നും ഈ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്.