ചെങ്ങന്നൂർ: കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കാലാവധി പൂർത്തിയാക്കിയവർക്കുമുള്ള ചെലവിന് വിനിയോഗിച്ച പണം കളക്ടർ അടിന്തരമായി നഗരസഭയ്ക്ക് അനുവദിക്കണമെന്ന് നിരീക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ചെങ്ങന്നൂരിൽ 400 ഓളം പേർ വിവിധ കെയർ സെന്ററുകളിലായി നിരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. 58 പേർ നിരീക്ഷണ കേന്ദ്രങ്ങളിലുണ്ട്. ഇവർക്ക് ഭക്ഷണം നൽകിയ ഇനത്തിൽത്തന്നെ മൂന്നര ലക്ഷത്തോളം രൂപ ചെലവായി. ഇതു കൂടാതെ കുടിവെള്ളം, നിത്യോപയോഗ സാധനങ്ങൾ, ഷീറ്റ്, തലയിണ, മാലിന്യങ്ങൾ ഇൻസലേറ്ററിൽ സംസ്‌കരിക്കാനുള്ള ഡീസൽ, മാസ്‌ക്ക്, സാനിറ്റൈസർ, മഗ്ഗ്, ബക്കറ്റ്, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി 2 ലക്ഷത്തോളം രൂപയും ചെലവായി. ഇതു സംബന്ധിച്ച കണക്ക് തഹസിൽദാർ മുഖേന ജില്ലാ കളക്ടർക്ക് നൽകിയിട്ടും ഒരു രൂപാ പോലും അനുവദിച്ചിട്ടില്ല. കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ 2 ലക്ഷത്തോളം രൂപ നഗരസഭ നൽകാനുണ്ട്. പണം വൈകിയാൽ ഹോട്ടൽ അടച്ചുപൂട്ടേണ്ടി വരും. ഇതുസംബന്ധിച്ച് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർക്ക് പരാതി നൽകി. നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുന്ന ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും തുക അനുവദിക്കണം. യാതൊരു വരുമാനവും ലഭിക്കാത്തതിനു പുറമെ വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്ജ് എന്നിവയ്ക്കായി ഉടമകൾ അധികമായി പണം ചെലവഴിക്കേണ്ടതായും വരുന്നു. ഇവർക്ക് കെട്ടിട വാടക, വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്ജ് എന്നിവ അടിയന്തിരമായി ലഭ്യമാക്കണം. സർക്കാർ നിർദ്ദേശ പ്രകാരം 4 കൊവിഡ് കെയർ സെന്ററുകൾ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സെന്ററുകളാക്കി മാറ്റാൻ യോഗം തീരുമാനിച്ചു. സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് സെന്ററുകൾ പെയ്ഡ് സെന്ററുകളാക്കും. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് രോഗികൾക്കായി നഗരസഭാ പ്രദേശത്ത് ഒരു പരിശോധനാ കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു. സ്രവ പരിശോധനാ ഫലം വൈകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജെ.എച്ച്.ഐ ബി.മോഹനകുമാർ, വി.ആർ.വത്സല, ബി.വിനീത്, ടി.കെ.സുബാഷ്, സി.ശ്രീരേഖ എന്നിവർ പങ്കെടുത്തു.