പത്തനംതിട്ട: ജില്ലയിൽ കൊവിഡ് പകർച്ച ഇല്ലെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ വകുപ്പ്. സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിട്ടൈസർ ഉപയോഗം എന്നിവ ആളുകൾ കർശനമാക്കിയില്ലെങ്കിൽ രോഗം പകരാനുള്ള സാദ്ധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ പറഞ്ഞു.
ആളുകൾ ഇപ്പോൾ സ്വതന്ത്രരായി ഇറങ്ങി നടക്കുകയാണ്. ആദ്യം പാലിച്ച നിയന്ത്രണങ്ങൾ ഉപേക്ഷിച്ചമട്ടാണ്. പല ചടങ്ങുകളിലും വലിയ ആൾക്കൂട്ടം കാണുന്നു. ബാങ്കുകളിലും കടകളിലും ആളുകളുടെ എണ്ണം കൂടുന്നു. ഇത് ഒഴിവാക്കിയേ പറ്റൂ. പ്രായമായവരും കുട്ടികളും വീടിന് പുറത്തിറങ്ങരുത്. അത്യാവശ്യമുള്ളവർ മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക. കർശന നിയന്ത്രണം പാലിച്ചാൽ രോഗ വ്യാപനം ഒഴിവാക്കാം. 28 ദിവസം വരെ ക്വാറന്റൈനിൽ കഴിഞ്ഞവർ ഒരു നിയന്ത്രണവും പാലിക്കാതെ പുറത്തിറങ്ങി യാത്രചെയ്യുകയും ചടങ്ങുകളിൽ പങ്കെടുക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരും സ്വയം നിയന്ത്രിച്ചാൽ നമ്മുടെ നാട്ടിൽ നിന്ന് രോഗത്തെ അകറ്റി നിറുത്താമെന്ന് ഡോ. ഷീജ പറഞ്ഞു.