1
പുതിയകാവിൽചിറ

പഴകുളം: അടൂരിലെ പുതിയകാവിൽ ചിറയുടെ പേരിലേയുള്ളു പുതുമ. കോടികൾ ചെലവഴിച്ച പദ്ധതി ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്. എന്തു സംഭവിച്ചെന്നോ എന്തുചെയ്യണമെന്നോ ആരും ചോദിക്കാനില്ല. കോടികൾ പാഴായതിന് പരിഹാരം കാണാതെ പുതിയ പദ്ധതികൾ നടപ്പാക്കാനാണ് അധികൃതരുടെ നീക്കം.
അടൂരിന്റെ വികസനരംഗത്ത് തിലകക്കുറിയായി മാറുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയാണിത്. അഞ്ചുകോടിയലധികം ചെലവഴിച്ചായിരുന്നു നിർമ്മാണം.

2015 ആഗസ്റ്റ് 21നായിരുന്നു ഉദ്ഘാടനം.ചിറയുടെ വശങ്ങൾ കെട്ടുകയും നടപ്പാതകൾ നിർമ്മിക്കുകയും കുട്ടികളുടെ പാർക്ക് സ്ഥാപിക്കുകയും ചെയ്തു. ഹാളും ബാത്ത് റൂമുമുണ്ട്.

പണി പൂർത്തിയായവ പോലും പൊതുജനങ്ങൾക്ക് തുറന്നുനൽകിയില്ല. ഇവയെല്ലാം നശിച്ചുകിടക്കുകയാണിപ്പോൾ. പായൽമൂടി ചിറയും നശിച്ചു. ഹാൾ ചോർന്നൊലിക്കുകയാണ്. മുറ്റത്തിന്റെ ഒരുഭാഗത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു

ടൂറിസം വകുപ്പിന്റെ വർക്കിംഗ് ഗ്രൂപ്പ് കൂടാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്ന് അധികൃതർ പറയുന്നു. കോടികൾ മുടക്കിയ നിർമ്മാണങ്ങൾ നശിച്ചുകിടക്കുമ്പോൾ ബോട്ടിംഗ്,ഫ്ളോട്ടിംഗ്,റസ്റ്റോറന്റ്,ലൈവ് കിച്ചൻ, ചിൽഡ്രൺസ് പാർക്ക് ,സൈക്ലിംഗ് ,മ്യൂസിക്കൽ ഫൗണ്ടേഷൻ, തൂക്കുപാലം തുടങ്ങിയവ നടപ്പാക്കാനാണ് പുതിയ പദ്ധതി. കഴിഞ്ഞ ബഡ്ജറ്റിൽ അഞ്ച് കോടിരൂപ ചിറയുടെവികസനത്തിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

-----------------

പുതിയകാവിൽചിറ ടൂറിസം പദ്ധതി ടൂറിസം വകുപ്പിന്റെ വർക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ് . കൊവിഡ് കാരണമാണ് വർക്കിംഗ് ഗ്രൂപ്പ് കൂടാൻ കഴിയാത്തത്.ഉടൻ നടപടിയുണ്ടാകും

ചിറ്റയം ഗോപകുമാർ എം.എൽ.എ