dengu

ആകെ രോഗികൾ 373, കഴിഞ്ഞ വർഷം 87

പത്തനംതിട്ട: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടിയിലേറെയാണ് വർദ്ധന. ഇന്നലെ വരെ ജില്ലയിൽ 373 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 87 പേർക്കായിരുന്നു രോഗം ബാധിച്ചത്. ഇൗ വർഷം കൂടലിൽ ഒരാൾ മരിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പ് ശ്രദ്ധ ചെലുത്തുന്നതിനിടെ ഡെങ്കി നിശബ്ദമായി വ്യാപിക്കുകയായിരുന്നു. ജില്ലയിൽ വെച്ചൂച്ചിറ ആരോഗ്യ ബ്ളോക്കിലാണ് കൂടുതൽ ആളുകൾക്ക് ഡെങ്കി ബാധിച്ചത്. 139 പേർക്ക് രോഗം പിടിപെട്ടു. ഉയർന്ന പ്രദേശമായ വെച്ചൂച്ചിറയിൽ ടാപ്പിംഗ് ഇല്ലാതെ കാടു കയറിയ റബർ തോട്ടങ്ങൾ, ആൾത്താമസമില്ലത്ത വീടുകൾക്കും ചുറ്റും കെട്ടിടക്കുന്ന വെള്ളം, സംഭരിച്ച വെള്ളം, തുറസായ സ്ഥലത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന വെള്ളം നിറഞ്ഞ പ്ളാസ്റ്റിക്കുകൾ, ടാർപ്പോളിൻ എന്നിവയിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകിയതെന്ന് കണ്ടെത്തി. പകർച്ചവ്യാധി പ്രതിരോധ വിഭാഗം ഒാഫീസർ ഡോ.പി. അജിത, മലേറിയ ഒാഫീസർ രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ 60 വാളണ്ടിയർമാർ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയും ജനങ്ങളെ ബോധവൽക്കരിച്ചും വെച്ചൂച്ചിറയിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ വെച്ചൂച്ചിറയിൽ നിന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇൗഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകിയാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.

@ ആരോഗ്യ ബ്ളോക്ക് അടിസ്ഥാനത്തിൽ

ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം

വെച്ചൂച്ചിറ 139

കുന്നന്താനം 38

കോന്നി 41

ചാത്തങ്കരി 40

ഇലന്തൂർ 49

എഴുമറ്റൂർ 24

ഏനാദിമംഗലം 10

കാഞ്ഞീറ്റുകര 18

വല്ലന 10

തുമ്പമൺ 4

@ ഉറവിട നശീകരണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി അടക്കമുള്ള കൊതുക് ജന്യരോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തോട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും. തദ്ദേശഭരണ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാമ്പയിൻ ഇന്ന് തുടങ്ങും.

> തോട്ടം ഉടമകളുടെ യോഗങ്ങൾ,

> തോട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ,

> ബോധവത്ക്കരണ പരിപാടികൾ, പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികൾ എന്നിവ സംഘടിപ്പിക്കും.

'' ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണം.

ഡോ. എ.എൽ.ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.